അബൂദബിയില്‍ വിസ മെഡിക്കല്‍ ടെസ്റ്റിന് 12 കേന്ദ്രങ്ങൾ കൂടി
text_fieldsഅബൂദബി: എമിറേറ്റില്‍ വിസ ആവശ്യാര്‍ഥമുള്ള മെഡിക്കല്‍ ടെസ്റ്റിനുവേണ്ടി 12 കേന്ദ്രങ്ങളില്‍ക്കൂടി സൗകര്യം. വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള മെഡിക്കല്‍ പരിശോധനാസംവിധാനം വര്‍ധിപ്പിച്ചതായും ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. അല്നുഖ്ബ സെന്റര്‍ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെന്റര്‍ മുസഫ, ബനിയാസ് സെന്റര്‍, യൂനിയന്‍ ഏവിയേഷന്‍ എംപ്ലോയീസ് സെന്റര്‍, മുഷ്രിഫ് മാള്‍ സെന്റര്‍, അല്‍വഹ്ദ മാള്‍ സെന്റര്‍, മുസഫ സെന്റര്‍, അല്‍ ഷഹാമ സെന്റര്‍. ക്യാപിറ്റല്‍ ഹെല്‍ത്ത്, മുബാദല ഹെല്‍ത്ത്, അല്‍റീം ആശുപത്രി എന്നിവയാണ് പുതിയ പരിശോധനാകേന്ദ്രങ്ങള്‍. പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍മല്‍, റാപ്പിഡ്, സ്പെഷല്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായും പരിശോധന ലഭിക്കും.
നോര്‍മല്‍ ടെസ്റ്റിന് 250 ദിര്‍ഹമും റാപ്പിഡ് ടെസ്റ്റിന് 350ഉം 24 മണിക്കൂറിനകം ഫലം ലഭിക്കുന്ന സ്പെഷല്‍ ടെസ്റ്റിന് 500 ദിര്‍ഹവുമാണ് ഫീസ്. സ്ത്രീകള്‍ ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധനക്ക് 50 ദിര്‍ഹം വേറെയും നല്‍കണം. ഒമ്പത് പൊതു ആരോഗ്യകേന്ദ്രങ്ങളിലും മൂന്നു സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധിക്കാന്‍ സാധിക്കുമെന്ന് അബൂദബി ആരോഗ്യസേവന വിഭാഗമായ ‘സേഹ’ അറിയിച്ചു. പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി എന്നിവയുടെ കോപ്പിയും ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒറിജിനലും പരിശോധനാവേളയില്‍ ഹാജരാക്കണം. വിസ/എന്‍ട്രി വിസ കോപ്പി, രണ്ടു ഫോട്ടോ, മറ്റ് എമിറേറ്റുകളിലെ വിസക്കാരാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എന്നിവയും കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സേഹ 800 500, മുബാദല 02 3111111, അല്‍റീം 800 7444 നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.