അജിത്കുമാറും പത്നി കല അജിത്തും പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക്
text_fieldsഅജിത് കുമാറും ഭാര്യ കല അജിത്തും
അജ്മാന്: ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ് ആലുവ ചൂര്‍ണിക്കര സ്വദേശി അജിത് കുമാര്‍ 2006 ജൂലൈ ഒന്നിന് യു.എ.ഇയിലെ അല്‍ ഐന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കുന്നത്.
ആദംജി ഇന്‍ഷുറന്‍സ്, ദുബൈ ഇന്‍ഷുറന്‍സ്, കോമ്പസ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് തുടങ്ങിയ കമ്പനികളിലെ ജനറല്‍ ഇന്‍ഷുറന്‍സ് ടീമിനെ നയിക്കാനുള്ള അവസരം അജിത് കുമാറിന് കൈവന്നു. 2017 ഒക്ടോബറിലാണ് സൗദി അറേബ്യന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. ഏഴു വര്‍ഷത്തെ സേവനത്തിന് ശേഷം 2024 ഡിസംബര്‍ 31ന് അസിസ്റ്റന്റ് വൈസ് പ്രസിഡന്റായാണ് അജിത് കുമാര്‍ വിരമിക്കുന്നത്.
യു.എ.ഇയിലെ അമിറ്റി യൂനിവേഴ്സിറ്റി, സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ഷുറന്‍സ്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഗെസ്റ്റ് ഫാക്കല്‍റ്റിയായും ഇദ്ദേഹം പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹവും സുഹൃത്തുക്കളും മുന്‍കൈയെടുത്ത് ദുബൈ കേന്ദ്രീകരിച്ച് സ്ഥാപിച്ചതാണ് ദിശ എന്ന ജീവകാരുണ്യ പ്രസ്ഥാനം. കഴിഞ്ഞ എട്ടു വര്‍ഷമായി എല്ലാ മാസവും നൂറു കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. പത്താം ക്ലാസ് പാസായ മിടുക്കരായ മുപ്പത് നിര്‍ധന കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനാവശ്യമായ മാർഗനിർദേശം നല്‍കുന്നതിനായി എല്ലാ വര്‍ഷവും വർക് ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുക, നിര്‍ധനര്‍ക്ക് ശൈത്യകാലത്ത് പുതപ്പ് നല്‍കുക, വീട് വെച്ചു നല്‍കുക തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ ദിശയുടെ ഭാഗമായി നടന്നുവരുന്നു. ഒരു ബാങ്കറായി ഇന്ത്യയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹത്തിന്റെ പത്നി കലാ അജിത് യു.എ.ഇയിലെ മഷ്രിക്ക് ബാങ്കില്‍ അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്‍ഷുറന്‍സ് മര്‍ക്കറ്റിങ് മേഖലയിലേക്ക് തിരിയുകയായിരുന്നു.
നീണ്ട കാലത്തെ മികച്ച അനുഭവ സമ്പത്തിന്റെ പിന്‍ബലത്തില്‍ നാട്ടിലെത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലോയറായി ശിഷ്ട ജീവിതം കഴിക്കണമെന്നതാണ് അജിത് കുമാറിന്റെ ആഗ്രഹം. ഇതിനായി ഫെബ്രുവരിയില്‍ കേരള ഹൈകോടതിയില്‍ എൻറോൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഇതോടൊപ്പം തന്റെ ഇഷ്ട തൊഴിലായ ഗെസ്റ്റ് ഫാക്കല്‍റ്റിയായും മുന്നോട്ടു പോകാനാണ് തീരുമാനം.
ഇന്‍ഷുറന്‍സ് മേഖലയിലെ തന്റെ അനുഭവ സമ്പത്തുകളുടെ പിന്‍ബലത്തില്‍ ഭര്‍ത്താവുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് ലീഗല്‍ പ്രഫഷനലില്‍ തുടരണമെന്നാണ് കല അജിത്തിന്റെയും ആഗ്രഹം. യു.എ.ഇയിലെ മാലിന്യ സംസ്കരണ സംസ്കാരം തന്റെ പ്രവാസ ജീവിതത്തിനിടക്ക് കണ്ട വലിയ പാഠമായാണ് അജിത് കുമാര്‍ വിലയിരുത്തുന്നത്. ഒരു രാജ്യം എന്ന നിലയില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തന ശൈലിയാണ് ഈ മേഖലയില്‍ യു.എ.ഇയില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളതെന്നും അജിത് കുമാര്‍ വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.