ദുബൈ ജബൽഅലിയിൽ വൻ മയക്കുമരുന്നുവേട്ട
text_fieldsദുബൈ: ജബൽഅലി തുറമുഖത്ത് ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. ഓപറേഷൻ ‘ഡബ്ൾ സ്ട്രൈക്ക്’ എന്നു പേരിട്ട പരിശോധനയിൽ 3.28 കോടി മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്.
ഏഷ്യൻ രാജ്യത്തുനിന്ന് വന്ന ഭക്ഷണസാധനങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ചരക്കിനിടയിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്. മറ്റൊരു ഓപറേഷനിൽ സ്മാർട്ട് കസ്റ്റംസ് അന്തർവാഹിനികൾ ഉപയോഗിച്ച് കസ്റ്റംസ് ഇൻസ്പെക്ടർമാർ ദേര വാർഫേജ് കസ്റ്റംസ് സെന്ററിൽനിന്ന് 227 കിലോഗ്രാം ഭാരമുള്ള 12 ലക്ഷം കാപ്റ്റഗൺ ഗുളികകളും പിടിച്ചെടുത്തു. ഏഷ്യൻ രാജ്യത്തുനിന്നുതന്നെയാണ് കാപ്റ്റഗൺ ഗുളികകളും എത്തിച്ചത്.
മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മയക്കുമരുന്ന് എന്ന നിലയിലാണ് കാപ്റ്റഗൺ ഗുളികകൾ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 45 ലക്ഷം കാപ്റ്റഗണ്‍ ക്യാപ്സ്യൂളുകളുമായി ഒരാള്‍ അബൂദബിയില്‍ പിടിയിലായിരുന്നു. ഫുഡ് കണ്ടെയ്നറുകള്ക്കുള്ളിലാക്കിയാണ് ഇയാള്‍ ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. യു.എ.ഇയില്‍ എത്തിച്ച ശേഷം ഇവ മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതിയുടെ നീക്കമെന്ന് അബൂദബി പൊലീസിന്റെ ആന്റി നാർകോട്ടിക് വിഭാഗം സ്ഥിരീകരിച്ചു.
മെഡിക്കല്‍ ആവശ്യത്തിനായി 1961ല്‍ കണ്ടെത്തിയ കാപ്റ്റഗണിന്റെ നിര്‍മാണം രണ്ടു പതിറ്റാണ്ട് മുമ്പ് ഔദ്യോഗികമായി നിര്‍ത്തിയെങ്കിലും ഇതിന്റെ അനധികൃത നിര്‍മാണവും ദുരുപയോഗവും വന്‍തോതില്‍ തുടരുകയാണ്. മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ തടയുന്നതിന്റെ ഭാഗമായി സംശയം തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 3.2 കോടി ദിർഹം മൂല്യമുള്ള 111 കിലോ മയക്കുമരുന്ന് വിൽക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ദുബൈ പൊലീസ് തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.