അബൂദബിയിൽ 37 അഗ്നിരക്ഷാ കേന്ദ്രങ്ങൾ കൂടി
text_fieldsഅബൂദബി: എമിറേറ്റിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി (എ.ഡി.സി.ഡി.എ) പുതുതായി 37 അഗ്നിരക്ഷാ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്നു. ഇതിൽ 16 എണ്ണം അബൂദബിയിലാണ് സ്ഥാപിക്കുക. 14 കേന്ദ്രങ്ങൾ അൽഐനിലും ഏഴു കേന്ദ്രങ്ങൾ അൽ ദഫ്ര മേഖലയിലുമായിരിക്കുമെന്നും എ.ഡി.സി.ഡി.എ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രതികരണ സമയം വേഗത്തിലാക്കാനും അപകടങ്ങളും അത്യാഹിതങ്ങളും നേരിടാനുള്ള സേനയുടെ സന്നദ്ധ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് എമിറേറ്റിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ ഫയർ ആൻഡ് റസ്ക്യൂ കേന്ദ്രങ്ങൾ നിർമിക്കുന്നത്. തീപിടിത്തം ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ തടയുന്നതിന്റെ ഭാഗമായി 2024 ജനുവരി ഒന്നിനകം എമിറേറ്റിലെ മുഴുവൻ വീട്ടുടമസ്ഥരും സ്മോക്ക് ആൻഡ് ഫയർ ഡിറ്റക്ടറുകൾ സ്ഥാപിക്കാനും യു.എ.ഇ അലർട്ട് സിസ്റ്റം സബ്സ്ക്രൈബ് ചെയ്യാനും അതോറിറ്റി നിർദേശിച്ചിരുന്നു.
നിലവിലുള്ള മുഴുവൻ വീടുകളിലും നിർമാണം ആസൂത്രണം ചെയ്യുന്നവയിലും അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കണമെന്ന നിയമത്തിന് 2020ലാണ് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകിയത്. തുടർന്ന് നിയമം പാലിക്കാത്തവർക്കെതിരെ ഈ വർഷം അഞ്ചു മാസത്തിനിടെ 21,000 മുന്നറിയിപ്പുകളും അതോറിറ്റി പുറപ്പെടുവിച്ചിരുന്നു. മേയ് മുതൽ ഒക്ടോബർ വരെ 10,753 വീടുകളിലാണ് എ.ഡി.സി.ഡി.എ പരിശോധന നടത്തിയത്. പുതിയ അഗ്നിരക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ എമിറേറ്റിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുനൽകുകയാണ് ലക്ഷ്യമെന്ന് എ.ഡി.സി.ഡി.എ ആക്ടിങ് ജനറൽ ബ്രിഗേഡിയർ സലിം അബ്ദുല്ല ബിൻ ബറക് അൽ ദഹ്രി പറഞ്ഞു.
എമിറേറ്റിലെ അടിയന്തര പ്രതികരണ സംവിധാനങ്ങളെ പിന്തുണക്കാനുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമാണിത്. പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള വിവിധ പ്രോഗ്രാമുകളും പ്രവർത്തന രീതികളും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും ആധുനികമായ സൗകര്യങ്ങളും സാങ്കേതിക വിദ്യകളും പുതിയ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തുമെന്ന് ബർക്ക പെട്രോൾ പോയന്റിലെ എക്സ്റ്റേണൽ റെസ്ക്യൂ ആൻഡ് ഫയർ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സലിം ഖലീഫ അൽ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.