ഗസ്സയിൽനിന്ന് 80 രോഗികൾകൂടി അബൂദബിയിൽ
text_fieldsഅബൂദബി: ഗസ്സയിൽനിന്ന് പരിക്കേറ്റവരെയും രോഗികളെയും വഹിച്ചുള്ള മൂന്നാമത് വിമാനം അബൂദബിയിലെത്തി. രോഗികളും കുടുംബാംഗങ്ങളുമടക്കം 170 പേരെയും വഹിച്ചുള്ള ഇത്തിഹാദ് വിമാനമാണ് തിങ്കളാഴ്ച എത്തിയത്. ചികിത്സ ആവശ്യമായ 80 പേരാണ് സംഘത്തിലുള്ളത്. ഇവരിൽ മിക്കവരും അർബുദബാധിതരാണ്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് ഇവരെ എത്തിച്ചത്.
ഗസ്സയിൽ താൽക്കാലികമായി പ്രഖ്യാപിച്ച വെടിനിർത്തൽ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ഇവരെ അതിർത്തി കടത്തിയത്. പ്രാഥമിക പരിശോധനകൾക്കുശേഷം തുടർചികിത്സ ആവശ്യമായവരെയാണ് യു.എ.ഇയിലേക്ക് കൊണ്ടുവന്നത്. നേരത്തെ രണ്ടു വിമാനങ്ങളിലായി പരിക്കേറ്റ കുട്ടികളുടെ ഒരു സംഘം അബൂദബിയിലെത്തിയിരുന്നു. ഇവരുടെ ചികിത്സ ആശുപത്രിയിൽ പുരോഗമിക്കുകയാണ്.
ഇത്തവണ എത്തിയവരിൽ പ്രായമായവരാണ് കൂടുതലായുള്ളത്. ഇവരിൽ മിക്കവരും അർബുദബാധിതരാണ്. ഗസ്സയിൽനിന്ന് 1000 അർബുദരോഗികളെ യു.എ.ഇയിലെത്തിച്ച് ചികിത്സിക്കുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംഘത്തിൽ കൂടുതൽ അർബുദരോഗികൾക്ക് ഇടംലഭിച്ചത്. വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ഗസ്സയിൽനിന്നെത്തിയ സംഘത്തിന് ലഭിച്ചത്. ഇമാറാത്തി ഉദ്യോഗസ്ഥർ ഓരോരുത്തരെയും പ്രത്യേകം പരിഗണനയോടെ രാജ്യത്തേക്ക് സ്വാഗതംചെയ്തു. 1000 കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എത്തിച്ച കുട്ടികളും തിങ്കളാഴ്ചത്തെ വിമാനത്തിലുണ്ടായിരുന്നു. യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ രാജ്യത്തെത്തിക്കുന്നത്.
കഴിഞ്ഞ ദിവസം യു.എ.ഇയിൽനിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തിയിരുന്നു. 10 വലിയ ട്രക്കുകളിലായി 16,520 ഭക്ഷ്യക്കിറ്റുകളടങ്ങിയ സഹായ വസ്തുക്കൾ റഫ അതിർത്തി വഴിയാണ് ഗസ്സയിലെത്തിച്ചത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് ഈ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് തുടക്കമായിട്ടുണ്ട്.യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാനങ്ങളും റഫ അതിർത്തി കടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.