മാനം പെയ്ത രാവിലും ഹാർമോണിയസ് കേരളയെ ചേർത്തുപിടിച്ച് അബൂദബി
text_fieldsഅബൂദബി: രാജ്യമൊട്ടുക്കും അപ്രതീക്ഷിതമായി മഴ മുന്നറിയിപ്പ് നൽകപ്പെട്ട ദിവസമായിട്ടും അൽ ഹുദൈരിയാത്ത് ദ്വീപിലെ ഹാർമോണിയസ് കേരള വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഞായറാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നിട്ടും വൈകുന്നേരം ഏഴു മണിയോടെ വേദി ജനങ്ങളാൽ നിറഞ്ഞുകവിഞ്ഞിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം സിനിമ താരങ്ങളായ മുകേഷ്, സിദ്ദിഖ്, ലാൽ എന്നിവർ അന്തരിച്ച സിദ്ദിഖിനെ അനുസ്മരിച്ച് നടത്തിയ സംസാരങ്ങൾ മലയാള സിനിമയുടെ ഭൂതകാലത്തേക്ക് പ്രേക്ഷകരുടെ ഓർമകളെ തിരിച്ചുകൊണ്ടുപോകുന്നതായിരുന്നു.
ഗായിക സിത്താര കൃഷ്‌ണ കുമാറിന്റെ ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളും ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഏറ്റുവാങ്ങാൻ തക്കവണ്ണം വന്നുചേർന്ന കാണികൾക്ക് പാരിപാടിയുടെ രണ്ടാം പാതിയിൽ പെയ്ത മഴ നിരാശ സമ്മാനിക്കുന്നതായിരുന്നു.
എങ്കിലും പ്രതികൂല കാലാവസ്ഥയിലും മലയാള മണ്ണിലെ സിനിമ താരങ്ങളും പിന്നണി താരങ്ങളും അടക്കം കലാകാരന്മാരുടെ വൻനിരയെ അബൂദബിയിൽ സ്നേഹപൂർവമാണ് വരവേറ്റത്. സഹിഷ്ണുതയുടെ മഹാനഗരിയിൽ സംഗീതത്തിന്റെ ആവേശം പെയ്യിക്കാൻ വീണ്ടുമെത്താനുള്ള ആഗ്രഹം പങ്കുവെച്ചാണ് കലാകാരന്മാരും താരങ്ങളും അബൂദബി വിട്ടത്. ഏറെ തയാറെടുപ്പുകളോടെ സംഘടിപ്പിച്ച പരിപാടി പൂർണമായും കാണികളിൽ എത്തിക്കാൻ സാധിക്കാത്തത് സംഘാടകർക്കും നിരാശപടരുന്നതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.