അബൂദബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരം
text_fieldsഅബൂദബി: ഈ വർഷം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബൂദബി ഒന്നാമെത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഓൺലൈൻ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പട്ടികയിൽ 2017 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം അബൂദബിക്കാണ്. എമിറേറ്റിലെ നിവാസികൾക്കും സന്ദർശകർക്കും ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിലുള്ള അബൂദബിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായുള്ള നേട്ടമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി വ്യക്തമാക്കി.
പൊതുജനങ്ങളുടെ സാമൂഹിക ക്ഷേമവും സുരക്ഷയും വർധിപ്പിക്കുന്നതിന് പൊലീസ് നൽകിയ പിന്തുണ എട്ടാം തവണയും ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ തെരഞ്ഞെടുക്കുന്നതിൽ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
86.8 പോയിന്റ് നേടിയാണ് അബൂദബി പട്ടികയിൽ ഒന്നാമതെത്തിയത്. 84.4 പോയിന്റുമായി തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. ഖത്തർ തലസ്ഥാനമായ ദോഹ (84.0), അജ്മാൻ (83.5), ദുബൈ (83.4) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിൽ. 83.3 പോയിന്റുമായി റാസൽ ഖൈമയും ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടിയിട്ടുണ്ട്. ഒമാൻ തലസ്ഥാനമായ മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെൺ, ജർമൻ നഗരമായ മ്യൂണിച്ച് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.