അബൂദബി ക്ഷേത്ര നിർമാണം അവസാന ഘട്ടത്തിൽ
text_fieldsഅബൂദബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദുമന്ദിറിന്റെ നിർമാണം അവസാന ഘട്ടത്തിൽ. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 13.5 ഹെക്ടറിലാണ് ഏഴു കൂറ്റന്‍ ഗോപുരങ്ങളോടെ ക്ഷേത്ര നിർമാണം പുരോഗിക്കുന്നത്. ഈ മാസം 14ന് ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി പൂജ്യ സ്വാമി ബ്രഹ്മ വിഹാരിദാസ് പറഞ്ഞു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ സഹിഷ്ണുതാപരമായ കാഴ്ചപ്പാടുകളാണ് ക്ഷേത്രം യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 2015ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് ആണ് ക്ഷേത്ര നിർമാണത്തിനായി 27 ഏക്കർ ഭൂമി സൗജന്യമായി നൽകിയത്. തുടർന്ന് 2018ല്‍ ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടു. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം പൂർണമായും നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നൂറുകണക്കിന് ശില്പികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലാരൂപങ്ങൾ കൊണ്ടാണ് ക്ഷേത്ര നിർമാണം. ഇരുമ്പ് ഉപയോഗിക്കാതെ പ്രത്യേക വാസ്തുവിദ്യ ഉപയോഗിച്ച് ശിലകൾ അടുക്കിവെച്ചാണ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തൽ. ഭൂകമ്പങ്ങളിൽ നിന്നുപോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിക്കുന്നത്.
യു.എ.ഇയിലെ ഏഴു എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങളും തീര്‍ക്കുന്നുണ്ട്. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്റെ ഉയരം. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവയും ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമിക്കുന്നുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യു.എ.ഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്. ഫെബ്രുവരി 18 മുതൽ പൊതു ജനങ്ങൾക്ക് സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച് ഒന്നുമുതലാണ് പൂർണ തോതിൽ സന്ദർശനം സാധ്യമാകുക.
42 രാജ്യങ്ങളിൽ നിന്നുളള അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രം സന്ദർശിച്ചിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന്റെ ക്ഷണപ്രകാരമാണ് രാജ്യാന്തര നയതന്ത്ര പ്രതിനിധികൾ ക്ഷേത്രം സന്ദർശിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.