അബൂദബി ട്രാവൽ ആൻഡ് ടൂറിസം വാരം ആരംഭിച്ചു
text_fieldsഅബൂദബി: അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ച ട്രാവൽ ആൻഡ് ടൂറിസം വാരം ആരംഭിച്ചു. 30വരെയാണ് ട്രാവൽ ആൻഡ് ടൂറിസം വാരം ആചരിക്കുന്നത്.
ആഗോള ടൂറിസം ഹബ് പദവി അബൂദബിക്ക് ഊട്ടിയുറപ്പിക്കുന്നതിനും യാത്രാ ടൂറിസം മേഖലയിൽ എമിറേറ്റിന്റെ വളർച്ച ഉറപ്പുവരുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതിവർഷം 2.40 കോടി സന്ദർശകരെ വരവേൽക്കുകയെന്ന എമിറേറ്റിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് സാംസ്കാരിക, വിനോദസഞ്ചാരവകുപ്പ് ട്രാവൽ ആൻഡ് ടൂറിസം വാരം ആചരിക്കുന്നത്. നഗര ടൂറിസം വിവരണം, അബൂദബി ബിസിനസ് ഇവന്റ്സ് ഫോറം, അബൂദബി വെഡിങ് ഷോ, ഫ്യൂചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഈ ദിവസങ്ങളിൽ അരങ്ങേറുക.
അബൂദബിയെ ആഗോള ബിസിനസ്, നിക്ഷേപ, വിനോദസഞ്ചാര ഹബ്ബായി മാറ്റിയെടുക്കുകയെന്നതടക്കമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിന് അബൂദബി ഇക്കണോമിക് വിഷൻ 2030 ആണ് തങ്ങളെ നയിക്കുന്നതെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. ഊർജ്ജസ്വലവും സുസ്ഥിരവുമായ ടൂറിസം ഹബ്ബായി അബൂദബിയെ വളർത്തിയെടുക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിന് പുതിയ അവസരങ്ങൾ തുറക്കുന്നതായിരിക്കും അബൂദബി ട്രാവൽ ആൻഡ് ടൂറിസം വാരമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച നഗരടൂറിസം വിവരണമാണ് നടന്നത്. അബൂദബി ബിസിനസ് ഇവന്റ്സ് ഫോറം 26, 27 തീയതികളിലും അബൂദബി വെഡിങ് ഷോ 27 മുതൽ 30 വരെയും ഫ്യൂചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടി 27 വരെയുമാണ് നടക്കുക.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.travelandtourism.ae വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.