അബൂദബി ഐ.ഐ.ടി പ്രവേശനം; അപേക്ഷ ക്ഷണിച്ചു
text_fieldsദുബൈ: ഐ.ഐ.ടി ഡൽഹി-അബൂദബി കാമ്പസിൽ 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എനർജി എൻജിനീയറിങ് എന്നിവയിൽ ബി.ടെക് കോഴ്സുകളിലാണ് പ്രവേശനം.
ഓരോ കോഴ്സുകൾക്കും 30 സീറ്റുകൾ വീതം ആകെ 60 സീറ്റുകളാണുള്ളത്. ആദ്യ ബാച്ച് വിദ്യാർഥികളുടെ പ്രവേശനം ആഗസ്റ്റിലോ സെപ്റ്റംബറിലോ നടത്തും. കമ്പയ്ൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സി.എ.ഇ.ടി), ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024) എന്നിവയിലൂടെയാണ് പ്രവേശനം. ജെ.ഇ.ഇ അഡ്വാൻസ്ഡിനുള്ള യോഗ്യതയും മറ്റ് വിവരങ്ങളും https://jeead.ac.in/index.html എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും ഇമാറാത്തികൾക്കും വിദേശ വിദ്യാർഥികൾക്കും സി.എ.ഇ.ടിയിൽ പങ്കെടുക്കാം. അഞ്ചു നിബന്ധനകളാണ് പരീക്ഷയിൽ പങ്കെടുക്കാൻ ആവശ്യമുള്ളത്.
12ാം ക്ലാസ് പരീക്ഷയിൽ 75 ശതമാനം മാർക്ക് അല്ലെങ്കിൽ 20 പെർസന്റേജ് നേടിയിരിക്കണം, 1999 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ചവരാകണം (പ്രായപരിധിയിൽ യു.എ.ഇ ദേശീയ നയപ്രകാരം രണ്ട് വർഷം ഇളവ് ലഭിച്ചേക്കും), വിദ്യാർഥിക്ക് തുടർച്ചയായി രണ്ട് വർഷം പരമാവധി രണ്ട് തവണ പരീക്ഷയിൽ പങ്കെടുക്കാം, ഈ വർഷം നടന്ന 12ാം ക്ലാസ് പരീക്ഷയിലോ തൊട്ടുമുമ്പുള്ള പരീക്ഷയിലോ പങ്കെടുത്തവരായിരിക്കണം. നേരത്തെ മറ്റേതെങ്കിലും ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ പങ്കെടുത്തവരോ പ്രവേശനം നേടിയവരോ ഇപ്പോൾ പഠനം തുടരുന്നവരോ ആകരുത്.
എംസാറ്റ്/ സാറ്റ് പരീക്ഷയിൽ സാധുതയുള്ള സ്കോർ കണ്ടെത്തിയ യു.എ.ഇ നിവാസികൾക്കും സി.എ.ഇ.ടിയിൽ പങ്കെടുക്കാം. മേയ് 16 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
ജൂൺ മൂന്നാണ് അവസാന തീയതി. ജൂൺ 14ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 23നാണ് എൻട്രൻസ് ടെസ്റ്റ്. ജൂലൈ ഏഴിന് ഫലം പ്രഖ്യാപിക്കും. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി പ്രവേശന നടപടികൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://abudhabi.iitd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.