അലീഷ മൂപ്പന് പ്രവാസി ഭൂഷണ് പുരസ്കാരം സമ്മാനിച്ചു
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് ‘പ്രവാസി ഭൂഷണ്’ പുരസ്കാരം സമ്മാനിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങിൽ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസാണ് പുരസ്കാരം സമ്മാനിച്ചത്.
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുകയും ആഗോള തലത്തിൽ ആരോഗ്യ മേഖലയുടെ വളര്‍ച്ചയില്‍ അതുല്യമായ പങ്കുവഹിക്കുകയും ചെയ്തത് കണക്കിലെടുത്താണ് പുരസ്കാരം. ഹൈബി ഈഡന് എം.പി, അനൂപ് മൂപ്പന് (ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍), ആസ്റ്ററിലെ മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ.സി.എ.എസില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് സ്കോട്ട്ലന്‍ഡ്) ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കിയ അലീഷ ഏണസ്റ്റ് ആൻഡ് യങ്ങില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ഗ്ലോബല്‍ ലീഡര്ഷിപ് പബ്ലിക് പോളിസി ചേഞ്ചില്‍ ബിരുദവും നേടിയിട്ടുണ്ട്.
2013ല്‍ ആണ് അലീഷ മൂപ്പൻ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ നേതൃനിരയിലേക്ക് കടന്നുവരുന്നത്. തുടർന്ന് ഗ്രൂപ്പിന്റെ വിപുലീകരണത്തിന് നേതൃത്വം നല്‍കുകയും ജി.സി.സിയില്‍ ആസ്റ്ററിന്റെ വളര്‍ച്ച രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.16 ആശുപത്രികള്‍, 121 ക്ലിനിക്കുകള്‍, 306 ഫാര്‍മസികള്‍ എന്നിവയാണ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്.
ജി.സി.സി മേഖലയില്‍ ഏകദേശം 1,806 ഡോക്ടര്‍മാരും 3,826 നഴ്സുമാരും ഉള്‍പ്പെടെ 14,500ലധികം ജീവനക്കാര്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറില്‍ ജോലി ചെയ്യുന്നു. ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 4,994 കിടക്കകളുളള 19 ആശുപത്രികളും 13 ക്ലിനിക്കുകളും 212 ഫാര്‍മസികളും 232 ലാബുകളും ആസ്റ്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.