ഗുസ്സി കാത്തിരിക്കുന്നു, വീട്ടുകാർ വരുമെന്നോർത്ത്
text_fieldsഅബൂദബി: ഇൻറർ കോണ്ടിനെൻറൽ ഹോട്ടലിനടുത്തുള്ള അൽ ബതീൻ ബസ്സ്റ്റോപ്പിൽ രാവിലെ ബസ് കയറാൻ വരുന്നവരെ എതിരേൽക്കുക ഒരു പൂച്ചയുടെ കരച്ചിലാണ്.
രാത്രി ഏറെ വൈകി അവസാന ബസ് പോയിക്കഴിഞ്ഞാലും ആ പൂച്ചയവിടെ കാത്തു നിൽപ്പുണ്ടാവും. തന്നെ തനിച്ചാക്കിപ്പോയ വീട്ടുകാർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാവണം നാലുമാസമായി മിണ്ടാപ്രാണി അവിടെ തങ്ങുന്നത്. അറേബ്യൻ മാവു ഇനത്തിൽപ്പെട്ട ഗുസ്സി എന്ന് വിളിപ്പേരുള്ള പൂച്ചക്ക് ബസുകയറാൻ വരുന്നവരും പ്രഭാത സവാരിക്കിറങ്ങിയവരുമെല്ലാം ഭക്ഷണം നൽകുന്നുണ്ട്. അവരൊന്നുമല്ല തെൻറ യജമാനർ എന്ന് പൂച്ചക്കറിയാം.
കാറിൽ വന്ന ഒരു സംഘം റോഡിലേക്കിട്ട് കടന്നുപോവുകയായിരുന്നുവെന്നാണ് വിവരം.
അവർ അവധിക്കു പോയതാണോ, രാജ്യം വിട്ടു പോകുേമ്പാൾ കൂടെ കൊണ്ടുപോകാനാവാതെ വഴിയിൽ ഉപേക്ഷിച്ചതാണോ എന്നൊന്നും ആർക്കുമറിയില്ല.
ഒരു ലക്ഷം പൂച്ചകളെങ്കിലും അബൂദബിയിലെ റോഡുകളിലും തെരുവുകളിലുമായുണ്ടെന്നാണ് മൃഗക്ഷേമ പ്രവർത്തകരുടെ കണക്ക്. മൃഗസംരക്ഷണ പ്രവർത്തകർ ഒേട്ടറെ തെരുവുമൃഗങ്ങൾക്ക് അഭയവും ചികിത്സയും ഒരുക്കുന്നുണ്ടെങ്കിലും വീട്ടുകാർ വഴിയിൽ തള്ളി കടന്നുപോകുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചതോടെ അവരും നിസഹായരാണ്. ക്ലൗഡ് 9 പെറ്റ് ഹോട്ടൽ കഴിഞ്ഞ വർഷം മൂന്നു ലക്ഷം ദിർഹമാണ് മൃഗങ്ങളുടെ ചികിത്സക്കായി ചെലവിട്ടത്.
മൃഗങ്ങൾക്കെതിരായ ക്രൂരതക്ക് യു.എ.ഇ നിയമം കടുത്ത ശിക്ഷയാണ് നൽകുന്നത്. മൃഗങ്ങളെ ഉപദ്രവിക്കുന്നതിനും തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വേട്ടയാടുന്നതിനും അനധികൃതമായി വിൽക്കുന്നതിനും വാങ്ങുന്നതിനുമെല്ലാം ശിക്ഷയുണ്ട്. അയ്യായിരം ദിർഹം മുതൽ രണ്ടു ലക്ഷം ദിർഹം വരെയാണ് പിഴ, അതിനു പുറമെ തടവു ശിക്ഷയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.