കുട്ടികളുടെ സുരക്ഷക്ക് ഏകജാലക കേന്ദ്രം
text_fieldsഷാർജ: ദുരുപയോഗത്തിന് ഇരയാകുന്ന കുട്ടികൾക്ക് സ്വതന്ത്രമായി പൊലീസിൽ റിപ്പോർട്ട് ചെയ്യാനും നിയമപരവും മാനസികവും സാമൂഹികവുമായ പിന്തുണ ഒരേസമയം ലഭ്യമാക്കാനും സഹായിക്കുന്ന ഏകജാലക കേന്ദ്രം ഷാർജയിൽ പ്രവർത്തനം ആരംഭിക്കുന്നു. ‘കനഫ്’ എന്നാണ് പുതിയ കേന്ദ്രത്തിന്റെ പേര്.
ദുരുപയോഗം റിപ്പോർട്ട് ചെയ്യുന്നതിനും അന്വേഷണത്തിനും ചികിത്സക്കുമായി കുട്ടികൾ ഒന്നിലധികം കേന്ദ്രങ്ങൾ കയറിയിറങ്ങുന്ന അവസ്ഥ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. വിവിധ ഘട്ടങ്ങളിൽ കുട്ടികൾ നേരിടേണ്ടി വരുന്ന അഭിമുഖങ്ങളും ചോദ്യംചെയ്യലുകളും ഒഴിവാകും. അടുത്ത ആഴ്ചയോടെ പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.
കുട്ടികളുടെ സാമൂഹികസേവനം ഉറപ്പുവരുത്താനായി പ്രത്യേകം സജ്ജീകരിച്ച നിരവധി കേന്ദ്രങ്ങൾ നിലവിൽ ഷാർജയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ, വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ‘കനഫ്’ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ശിശു സുരക്ഷ ഡയറക്ടർ ജനറൽ ഹനാദി അൽയാഫി പറഞ്ഞു. ദുരുപയോഗത്തിന് ഇരയായ കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭിക്കുന്ന സാഹചര്യമാണ് പുതിയ കേന്ദ്രത്തിൽ ഒരുക്കുന്നത്. നിയമസഹായത്തോടൊപ്പം മാനസികമായ പിന്തുണയും മെഡിക്കൽ സഹായങ്ങളും കേന്ദ്രം ഉറപ്പുവരുത്തും.
ഷാർജ സോഷ്യൽ സർവിസ് ഡിപ്പാർട്ട്മെന്റിന്റെ ഹെൽപ്ലൈൻ നമ്പറായ 800700ൽ പരാതി സമർപ്പിക്കാം. ഈ പരാതി ‘കനഫ്’ മറ്റ് പങ്കാളികളുമായി ചേർന്ന് വിശദമായി പരിശോധിക്കുകയും ശാരീരികമായാണോ ലൈംഗികമായാണോ ദുരുപയോഗം നടന്നതെന്ന് വിലയിരുത്തുകയും ചെയ്യും. തുടർന്ന് ‘കനഫി’ലെ സാമൂഹിക പ്രവർത്തകർ മറ്റ് പങ്കാളികളുമായി ചേർന്ന് കേസ് വിലയിരുത്തുന്നതിനായി സംയുക്ത യോഗം ചേരും.
മൂന്നാംഘട്ടമായിരിക്കും കുട്ടിയുമായുള്ള അഭിമുഖം. ശേഷം കുട്ടിയുടെ മെഡിക്കൽ ഹിസ്റ്ററിയും ശാരീരിക പരിശോധനയും ഉൾപ്പെടുന്ന മെഡിക്കൽ പരിശോധന നടത്തും. ഈ വിവരങ്ങൾ പരിശോധിച്ച ശേഷം നിയമപരമായി കേസ് ഫയൽ ചെയ്യും. തുടർന്ന് സോഷ്യൽ സർവിസ് ഡിപ്പാർട്മെന്റ് കുട്ടിക്ക് ആവശ്യമായ നിയമപ്രതിനിധിയെ നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.