പ്രവാസ ഞെരുക്കങ്ങൾക്കിടെ ആദ്യമായി അവർ ആനന്ദിച്ച നിമിഷങ്ങൾ
text_fieldsദുബൈ: ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ലിതാൻ 2008 വന്നതാണ് ദുബൈയിൽ, വെള്ളിയാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും അൽഖൂസ് വ്യവസായ മേഖലയിലെ കമ്പനിയിൽ ജോലി. വെള്ളിയാഴ്ചകളിൽ കുറച്ചധിക നേരം കിടന്നുറങ്ങും,വീട്ടിലേക്ക് ഫോൺ വിളിക്കും, പിന്നെ കൂട്ടുകാരൊന്നിച്ച് പുറത്തിറങ്ങി അധികം കറങ്ങാതെ, വീട്ടിലേക്കയക്കാനുള്ള പണത്തിൽ നിന്ന് ഒരു ഫിൽസെങ്കിലും ചിലവാകും മുൻപേ മടങ്ങി വരും. വല്ലപ്പോഴും ആരുടെയെങ്കിലും ഫോണിൽ അൽപനേരം കണ്ടതല്ലാതെ ഒരു സിനിമയോ കലാപരിപാടിയോ പുറത്തുപോയി കണ്ടിരുന്നില്ല ഇതു വരെ. പ്രവാസ ജീവിതത്തിലാദ്യമായി ഒരു തീയറ്ററിലിരുന്ന് ഇന്നലെ അദ്ദേഹമൊരു നാടകം കണ്ടു. സുഖങ്ങളും വിനോദങ്ങളുമെല്ലാം നാട്ടിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും കുടുംബത്തിനുമായി വേണ്ടെന്നു വെച്ച് ജോലിയിൽ മുഴുകി ജീവിക്കുന്ന നൂറിലേറെ സഹമനസ്കർക്കൊപ്പം.
ബിഹാർ ദർബംഗയിൽ നിന്നുള്ള ശുചീകരണ തൊഴിലാളി മുഹമ്മദ് നിസാറുൽ, പാകിസ്ഥാനി ടാക്സി ഡ്രൈവർ ഹഫീസുദ്ദീൻ സിദ്ദീഖ് എന്നിങ്ങനെ വാരാന്ത്യ അവധിയുടെ സുഖമോ ദുബൈയിലെ ആഘോഷരാവുകളുടെ പൊലിമയോ അറിയാത്ത നിരവധി പേർ എത്തിയിരുന്നു യു.എ.ഇയിലെ ആദ്യ ഇൻഡോ^പാക് നാടക കൂട്ടായ്മയായ ഗൂംഞ്ജിെൻറ ക്ഷണപ്രകാരം ‘മിയ, ബീവി ഒൗർ വാഗ’ എന്ന നാടകം കാണാൻ.
മാധ്യമപ്രവർത്തകരായ അംന ഖൈഷ്ഗി, ഇഹ്തിഷാം ഷാഹിദ്, മാജിദ് മുഹമ്മദ് എന്നിവർ ചേർന്നെഴുതി ധ്രുതി ഷാ ഡിസൂസ സംവിധാനം ചെയ്ത നാടകം ഏതാനും മാസം മുൻപ് ദുബൈയിൽ അവതരിപ്പിച്ച് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതാണ്. വീണ്ടും നാടകം അരങ്ങിലെത്തിക്കുേമ്പാൾ കൂടുതൽ പുതുമകൾ വരുത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞെങ്കിലും ഇത്രമാത്രം സുന്ദരമാക്കുമെന്ന് ആരും കരുതിയില്ല. നഗരജീവിതം ചലിപ്പിക്കുന്ന, വീടുകളുടെയും ഒഫീസിെൻറയും പ്രവർത്തനങ്ങൾ പ്രശ്നരഹിതമാക്കുന്ന വീട്ടുജോലിക്കാർ, ടാക്സി ഡ്രൈവർമാർ, കമ്പനി ജീവനക്കാർ തുടങ്ങിയ ബ്ലൂകോളർ തൊഴിലാളികളുടെ സേവനത്തിന് പ്രത്യുപകാരമായി നിലവാരമുള്ള കലാസൃഷ്ടികൾ കാണാൻ അവസരമൊരുക്കാനായിരുന്നു നാടക സംഘത്തിെൻറ തീരുമാനം. അവർ ആഗ്രഹിച്ച അവസരം തന്നെയെന്നു ബോധ്യപ്പെടുത്തി ജംങ്ഷൻ തിയറ്റിൽ കണ്ട പുഞ്ചിച്ച മുഖങ്ങളും നിറഞ്ഞ കൈയടിയും. ചെറുജോലികൾ ചെയ്യുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളെക്കുറിച്ച് ഒരുപാട് വാർത്തകളെഴുതിയിട്ടുള്ള അംനയാണ് ഇൗ നിർദേശം മുന്നോട്ടുവെച്ചത്.
ബിഹാർ സ്വദേശിയായ ഇഹ്തിഷാമിെൻറയും കറാച്ചിക്കാരിയായ അംനയുടെയും ജീവിത പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നാടകത്തിൽ അവർ ഇരുവരും തന്നെ മിയയും ബീവിയുമായി വേഷമിടുന്നു. ഇവരയക്കുന്ന കത്തുകളിലൂടെയാണ് രാഷ്ട്രീയവും സാംസ്കാരിക മാറ്റങ്ങളും സ്വത്വ പ്രതിസന്ധിയുമെല്ലാം അരങ്ങിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയുടെയും പാക്കിസ്ഥാെൻറയും അതിർത്തിയായ വാഗയും ഇതിലെ മുഖ്യ കഥാപാത്രമാണ്. ആധുനിക ആശയവിനിമയ മാർഗങ്ങൾ സാധാരണമായതോടെ വിസ്മരിക്കപ്പെട്ട കത്തെഴുത്ത് പുനരാരംഭിക്കണമെന്നും നാടകം ഒാർമപ്പെടുത്തുന്നു. ഭക്ഷണവും വസ്ത്രവും മറ്റും നൽകുന്നതിനു പുറമെ വിനോദത്തിനും സാംസ്കാരിക വിനിമയത്തിനും വാതിൽ തുറന്നു നൽകിയും ദാനവർഷം ആചരിക്കാമെന്നു കൂടി തെളിയിച്ചു ഇൗ കലാകാർ. ജീവിതത്തിലാദ്യമായി കണ്ട നാടകത്തെക്കുറിച്ച് നാട്ടിലേക്ക് പോകുന്ന കൂട്ടുകാരെൻറ കയ്യിൽ നീണ്ട കത്തെഴുതി കൊടുത്തയക്കുമെന്നു പറഞ്ഞാണ് വദൂദ് അഹ്മദ് എന്ന ബംഗാളി തൊഴിലാളി തീയറ്റർ വിട്ടത്.
‘
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.