പ്രവാസി ഡിവിഡൻറ് സ്കീം: രജിസ്ട്രേഷൻ തുടങ്ങി
text_fieldsദുബൈ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന് കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ഡിവിഡൻറ് സ്കീമിെൻറ ഈ വർഷത്തെ രജിസ്ട്രേഷൻ തുടങ്ങി. പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സ്കീമിെൻറ രജിസ്ട്രേഷൻ മേയ് 21നാണ് പുനരാരംഭിച്ചത്. പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോർഡിലൂടെ സ്വീകരിച്ച ശേഷം കിഫ്ബി വഴി നാടിെൻറ വികസനത്തിന് ചെലവഴിക്കും. നിക്ഷേപകന് മൂന്ന് വർഷത്തിന് ശേഷം പ്രതിമാസം ഡിവിഡൻറ് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. 2019ൽ തുടങ്ങിയ സ്കീമിന് പ്രവാസികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആദ്യം നടപ്പാക്കിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡിവിഡൻറ് സ്കീം വീണ്ടും തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
എന്താണ് ഡിവിഡൻറ് സ്കീം:
പ്രവാസികൾക്ക് മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ സ്കീമിൽ നിക്ഷേപിക്കാം. മൂന്ന് വർഷത്തിന് ശേഷം തുകയുടെ പത്ത് ശതമാനം വീതം ഡിവിഡൻറായി ലഭിക്കും. ആദ്യ മൂന്ന് വർഷങ്ങളിലെ പത്ത് ശതമാനം ഡിവിഡൻറ് നിക്ഷേപ തുകക്കൊപ്പം ചേർത്ത് ആ തുകയുടെ പത്ത് ശതമാനം നിരക്കിലുള്ള ഡിവിഡൻറാണ് നാലാം വർഷം മുതൽ പ്രതിമാസം ലഭിക്കുക. പത്ത് ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് നാലാം വർഷം മുതൽ പ്രതിമാസം ഏകദേശം 10000 രൂപയുടെ മുകളിൽ ലഭിക്കും. നിക്ഷേപകരുടെ കാലശേഷം ജീവിതപങ്കാളിക്ക് ഈ തുക ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപ തുക നോമിനിക്ക് കൈമാറും.
ആർക്കൊക്കെ ലഭിക്കും:
നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയർക്ക് നിക്ഷേപിക്കാം. രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ആറ് മാസത്തിലധികമായി ജോലി സംബന്ധമായി താമസിക്കുന്നവർക്കും ചേരാം. pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓൺലൈൻ വഴി പണമടക്കാനും സൗകര്യമുണ്ട്. 8078550515 എന്ന ഹെൽപ്ലൈൻ നമ്പറിൽ കൂടുതൽ വിവരങ്ങൾ അറിയാം. ഈ നമ്പറിലേക്ക് വാട്സ് ആപ് സന്ദേശം അയച്ചാലും വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.