ആഗോള മാധ്യമ സമ്മേളനത്തിന് ഇന്നു തുടക്കം
text_fieldsഅബൂദബി: ആഗോള മാധ്യമ മേഖലയുടെ ഭാവി ചർച്ചയാകുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിന് ചൊവ്വാഴ്ച അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ തുടക്കമാകും. യു.എ.ഇ യുവജനകാര്യ മന്ത്രി ശമ്മ ബിൻത് സുഹൈൽ ബിൻ ഫാരിസ് അൽ മസ്റൂയി മുഖ്യാതിഥിയാകും. മന്ത്രിതല പാനൽ ചർച്ചയിൽ സിംബാബ്വെ, ബഹ്റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് പ്രമുഖർ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര പങ്കെടുക്കും. ഉച്ചക്കുശേഷം നടക്കുന്ന പാനൽ ചർച്ചയിൽ മുൻ രാജ്യസഭാംഗം എം.വി. ശ്രേയാംസ് കുമാർ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസത്തെ കോൺഗ്രസ് അബൂദബി നാഷനൽ എക്സിബിഷൻ സെന്റർ(അഡ്നെക്) എമിറേറ്റ്സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 29 രാജ്യങ്ങളിൽനിന്ന് മാധ്യമ മേഖലയിലെ പ്രദർശകർ എത്തിച്ചേരുന്ന ചടങ്ങിൽ ആകെ 1200 പ്രതിനിധികളാണ് പങ്കെടുക്കുക. വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് പങ്കാളിത്തവും സഹകരണവും ചർച്ച ചെയ്യാനും ധാരണയിലെത്താനും പരിപാടി അവസരമൊരുക്കും. 160ലേറെ ആഗോള പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്ന 30ലേറെ സംവാദങ്ങൾ, ശിൽപശാലകൾ എന്നിവയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കേരളത്തിൽനിന്ന് ജോൺ ബ്രിട്ടാസ് എം.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ തുടങ്ങിയവരും അടുത്ത ദിവസങ്ങളിൽ വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ പ്രത്യേകം തെരഞ്ഞെടുത്ത യുവ മാധ്യമപ്രവർത്തകരും പ്രതിനിധികളായി എത്തിച്ചേരും.
തൽസമയ പരിപാടികളുടെ പ്ലാറ്റ്ഫോം, യുവ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുന്നതിന് പ്രത്യേക പരിപാടി, ഫ്യൂച്ചർ മീഡിയ ലാബ്, ഇന്നവേഷൻ പ്ലാറ്റ്ഫോം, ഗ്ലോബൽ ബയേഴ്സ് പ്രോഗ്രാം, മനുഷ്യസമൂഹങ്ങളിൽ സഹിഷ്ണുതയുടെ സംസ്കാരം ഉറപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച പ്രത്യേക സെഷൻ എന്നിങ്ങനെ ആറു പ്രധാന പരിപാടികളാണ് കോൺഗ്രസിൽ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.