ആഗോള മാധ്യമ സമ്മേളനം15 മുതൽ അബൂദബിയിൽ
text_fieldsഅബൂദബി: ആഗോള മാധ്യമ മേഖലയിലെ വെല്ലുവിളികൾ ചർച്ച ചെയ്യാനും ഭാവിയിലേക്ക് പുതുവഴികൾ തേടാനും അവസരമൊരുക്കുന്ന ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അബൂദബി നാഷനൽ എക്സിബിഷൻ സെന്‍റർ(അഡ്നെക്), എമിറേറ്റ്സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺഗ്രസിൽ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും. 29 രാജ്യങ്ങളിൽനിന്ന് മാധ്യമ മേഖലയിലെ നിരവധി പ്രദർശകർ കൂടി എത്തിച്ചേരുന്ന ചടങ്ങിൽ 1200 പ്രതിനിധികൾ പങ്കാളികളാകും.
മാധ്യമ വ്യവസായ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളും അവസരങ്ങളുമാണ് പ്രദർശനത്തിലുണ്ടാവുക. വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് പങ്കാളിത്തവും സഹകരണവും ചർച്ച ചെയ്യാനും ധാരണയിലെത്താനും പരിപാടി അവസരമൊരുക്കും. 160ലേറെ ആഗോള പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്ന 30ലേറെ സംവാദങ്ങൾ, ശിൽപശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽനിന്ന് ജോൺ ബ്രിട്ടാസ് എം.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ, എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രത്യേകം തിരഞ്ഞെടുത്ത യുവമാധ്യമ പ്രവർത്തകരും പ്രതിനിധികളായി എത്തിച്ചേരും.
തത്സമയ പരിപാടികളുടെ പ്ലാറ്റ്ഫോം, യുവ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുന്നതിന് പ്രത്യേക പരിപാടി, ഫ്യൂച്ചർ മീഡിയ ലാബ്, ഇന്നൊവേഷൻ പ്ലാറ്റ്ഫോം, ഗ്ലോബൽ ബയേഴ്സ് പ്രോഗ്രാം, മനുഷ്യ സമൂഹങ്ങളിൽ സഹിഷ്ണുതയുടെ സംസ്കാരം ഉറപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച പ്രത്യേക സെഷൻ എന്നിങ്ങനെ ആറ് പ്രധാന പരിപാടികളാണ് കോൺഗ്രസിൽ ഒരുക്കിയിട്ടുള്ളത്.
മാധ്യമ വ്യവസായത്തിന്‍റെ എല്ലാ വശങ്ങളിലും പുതിയതും പുതുമയുള്ളതുമായ ആശയങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന വേദിയായി പരിപാടി മാറുമെന്ന് വാർത്തസമ്മേളനത്തിൽ സംസാരിച്ച 'വാം' ഡയറക്ടർ ജനറലും കോൺഗ്രസിന്‍റെ ഉന്നത സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് ജലാൽ അൽ റഈസി പറഞ്ഞു. ശിൽപശാലകളിൽ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള നൂറുകണക്കിന് യുവ പത്രപ്രവർത്തകർക്ക് അവരുടെ പ്രഫഷനൽ ജീവിതത്തിലെ നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഡ്നെക് ഗ്രൂപ്പിന്‍റെ ഭാഗമായ ക്യാപിറ്റൽ ഇവന്‍റ്സ് സി.ഇ.ഒ സയീദ് അൽ മൻസൂരി, അബൂദബി നാഷനൽ എക്സിബിഷൻ സെന്‍റർ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഖലീഫ അൽ ഖുബൈസി എന്നിവരും സംസാരിച്ചു.
'ഇന്ത്യയുമായി സാംസ്കാരിക ബന്ധം ശക്തിപ്പെടും'
അബൂദബി: ഗ്ലോബൽ മീഡിയ കോൺഗ്രസിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സാംസ്കാരിക മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുമെന്ന് 'വാം' ഡയറക്ടർ ജനറലും കോൺഗ്രസിന്‍റെ ഉന്നത സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് ജലാൽ അൽ റഈസി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പുതിയ സാധ്യതകളും നൂതന സാങ്കേതിക വിദ്യകളും പരിചയപ്പെടാനും ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്ക് പരിപാടി ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹിഷ്ണുതയുടെ നിരവധി മികച്ച ഉദാഹരണങ്ങൾ യു.എ.ഇയിൽത്തന്നെ നിങ്ങൾക്ക് കാണാനാവും. എല്ലാ വിഭാഗം ജനങ്ങളും സംഘർഷങ്ങളില്ലാതെ ഇവിടെ കഴിയുന്നു. സമൂഹത്തിന് ഉപകാരപ്രദമായ നിരവധി സ്റ്റോറികൾ പ്രചരിപ്പിക്കാൻ സഹായിക്കുന്ന മാധ്യമ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ യു.എ.ഇ ആഗ്രഹിക്കുന്നു. മീഡിയ കോൺഗ്രസ് ഇതിലേക്ക് സഹായകമായ ചുവടുവെപ്പാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.