ആഗോള മാധ്യമസമ്മേളനത്തിന് പ്രൗഢത്തുടക്കം;അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിയും -യു.എ.ഇ മന്ത്രി
text_fieldsഅബൂദബി: രാജ്യാന്തരതലത്തിലുള്ള സഹകരണം മെച്ചപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിയുമെന്ന് യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിന് കീഴിൽ അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച ആഗോള മാധ്യമ സമ്മേളനത്തിന്റെ രണ്ടാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയത, വംശം, മതം, സംസ്കാരം എന്നിവയുടെ അതിരുകൾ ഭേദിക്കുന്ന വിധത്തിൽ മാനുഷികമായ നേട്ടങ്ങൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ വിവേകപൂർണമായ നേതൃത്വത്തിനും മാർഗനിർദേശത്തിനും കീഴിൽ യു.എ.ഇയുടെ സാമ്പത്തിക മേഖലകളുടെയും വളർച്ചയുടെയും പ്രധാന മേഖലകളായി മാധ്യമങ്ങളും സാങ്കേതിക വിദ്യകളും മാറിയിരിക്കുന്നു. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി എന്നനിലയിൽ നവംബർ 16ന് അന്താരാഷ്ട്ര സഹിഷ്ണുത ദിനം ആഘോഷിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം, പരസ്പര ധാരണ എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമരംഗത്തെ പ്രഫഷനലുകൾ നൽകുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്നകുമായി സഹരിച്ച് യു.എ.ഇ വാർത്ത ഏജൻസിയായ വാം ആണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ സംഘാടകർ. ലോകത്തുടനീളമുള്ള മാധ്യമരംഗത്തെ പ്രമുഖർ, ചിന്തകർ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവർ മേളയിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽനിന്നായി 257 പ്രദർശകർ, 13,500ലധികം മാധ്യമപ്രവർത്തകർ, 5,500 പ്രതിനിധികൾ, 200 സി.ഇ.ഒമാർ എന്നിവർ സമ്മേളനത്തിന്റെ ഭാഗമാണ്. 170ലേറെ വിദഗ്ധർ പങ്കെടുക്കുന്ന 30 ലേറെ സംവാദങ്ങൾ, ശിൽപശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.