ആഗോള മാധ്യമ സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsഅബൂദബി: ആഗോള മാധ്യമ മേഖലയുടെ ഭാവി ചർച്ചയാകുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിന് ചൊവ്വാഴ്ച അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ തുടക്കമാകും. മൂന്നുദിവസത്തെ കോൺഗ്രസ് ‘മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു’ എന്ന തലക്കെട്ടിലാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ, സർക്കാർ മേഖലകളിലെ പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അബൂദബി നാഷനൽ എക്സിബിഷൻ സെന്റർ (അഡ്നെക്) എമിറേറ്റ്സ് ന്യൂസ് ഏജൻസിയുമായി (വാം) സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
അയ്യായിരത്തിലേറെ സമ്മേളന പ്രതിനിധികൾ, 200ലേറെ ആഗോള മാധ്യമ കമ്പനികളുടെ സി.ഇ.ഒമാർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം, വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് പങ്കാളിത്തവും സഹകരണവും ചർച്ച ചെയ്യാനും ധാരണയിലെത്താനും അവസരമൊരുക്കും.
മാധ്യമ മേഖലയിലെ ആഗോള പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്ന 30ലേറെ സംവാദങ്ങൾ, ശിൽപശാലകൾ എന്നിവയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സുസ്ഥിരത, സ്പോർട്സ് മീഡിയ, മാധ്യമ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, മീഡിയയുടെ ഭാവിയും വിദ്യാഭ്യാസവും തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തവണ സമ്മേളനം ഒരുക്കിയിട്ടുള്ളത്. ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട സംവിധായിക ലോറ നിക്സ്, വോവെ ക്ലൗഡ് മാർക്കറ്റിങ് ഡയറക്ടർ വു ബിൻ, ദ ടെലഗ്രാഫ് മുൻ നയതന്ത്രകാര്യ എഡിറ്റർ കെ.പി. നായർ, അറബ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഫൈസൽ അബ്ബാസ് തുടങ്ങിയവർ അതിഥികളിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷമാണ് ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ ആദ്യ എഡിഷൻ ആരംഭിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാധികാരത്തിലാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.