ഗ്രേഡ് അനുസരിച്ച് ഇളവ്:കൂടുതല്‍ വിദ്യാര്‍ഥികള്‍ വാക്‌സിനേഷന് തയാറാവുമെന്ന് പ്രതീക്ഷ
text_fieldsഅബൂദബി: വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ നിരക്കനുസരിച്ച് സ്‌കൂളുകളെ ഗ്രേഡുകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാനുള്ള അധികൃതരുടെ തീരുമാനം ഏറെ ഗുണകരമാവുമെന്ന പ്രതീക്ഷയോടെ അധ്യാപകര്‍. വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ നിരക്ക് 85 ശതമാനത്തിന് മുകളിലുണ്ടെങ്കില്‍ 'നീല' ഗണത്തില്‍പെടുത്തി മാസ്‌ക് ധരിക്കാതിരിക്കാനും സാമൂഹിക അകലം പാലിക്കുന്നത് ഒഴിവാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. വിദ്യാഭ്യാസ വിജ്ഞാന വകുപ്പി(അഡെക്)ന്‍റെ ഈ തീരുമാനത്തോടെ വിദ്യാര്‍ഥികള്‍ സ്വമേധയാ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാവുമെന്നും കരുതുന്നു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ സാമൂഹിക അകലം പാലിക്കല്‍ ഒഴിവാക്കാനും കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാതെ പുറത്തുപോവാനും സാധിക്കും. ബ്ലൂ സ്‌കൂള്‍സ് എന്ന പേരില്‍ അധികൃതര്‍ കൊണ്ടുവന്ന കളര്‍ ഗ്രേഡിങ് സംവിധാനത്തില്‍ ഓരോ സ്‌കൂളിനും ലഭിക്കുന്ന ഗ്രേഡിന് അനുസൃതമായിട്ടാവും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക. മാതാപിതാക്കളില്‍ ചിലരും കുറച്ചു കുട്ടികളും വാക്‌സിനേഷനോട് മുഖം തിരിച്ചു നില്‍ക്കുന്നതിനാല്‍ മികച്ച ഗ്രേഡിങ് സ്‌കൂളുകള്‍ക്ക് ലഭിക്കുന്നതിനു തടസ്സമാവുമെന്ന് വിവിധ കലാലയങ്ങളിലെ മേധാവിമാര്‍ ആശങ്കപ്പെടുന്നുണ്ട്. കുട്ടികളെ നിര്‍ബന്ധിച്ച് വാക്‌സിനേഷന് വിധേയരാക്കരുതെന്ന നിര്‍ദേശം കഴിഞ്ഞദിവസം സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നല്‍കുകയും ചെയ്തിരുന്നു.
16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ എടുത്താല്‍ മാത്രമേ അബൂദബിയില്‍ സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ കഴിയൂ. നാലു കളര്‍കോഡുകളാണ് അധികൃതര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. അമ്പതുശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച സ്‌കൂളുകള്‍ ഓറഞ്ച് ഗണത്തിലാണ്പെടുക.
അമ്പതു മുതല്‍ 64 ശതമാനം വരെയുള്ള സ്‌കൂളുകള്‍ യെല്ലോ ഗണത്തിലും 65 മുതല്‍ 84 ശതമാനം വരെയുള്ളവ ഗ്രീന്‍ ഗണത്തിലും 84 ശതമാനത്തിനു മുകളില്‍ വാക്‌സിനേഷന്‍ കൈവരിച്ച സ്‌കൂളുകള്‍ ബ്ലൂ ഗണത്തിലുമാണ് ഉള്‍പ്പെടുക. ബ്ലൂ ഗണത്തില്‍പെടുന്ന സ്‌കൂളുകളില്‍ ക്ലാസ്‌റൂമുകളിലും ബസുകളിലുമൊക്കെ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ജനുവരി മുതല്‍ ഇളവുകള്‍ നടപ്പാക്കാനാണ് തീരുമാനം. നീല വിഭാഗത്തിലുള്ള സ്‌കൂളുകളിലെ 16 വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് കായിക പരിശീലനങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്നും അകലം പാലിക്കേണ്ടതില്ലെന്നുമുള്ള ഇളവ് സ്‌കൂളുകള്‍ക്ക് കഴിഞ്ഞദിവസം അഡെക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.