അബൂദബിയിൽ പൊതുഗതാഗത ഉപയോഗത്തിൽ വൻ കുതിപ്പ്
text_fieldsഅബൂദബി: പൊതുഗതാഗത സംവിധാനങ്ങൾക്ക് അബൂദബിയിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. കഴിഞ്ഞ വർഷം അബൂദബിയിൽ പൊതു ഗതാഗത ബസുകൾ നടത്തിയത് ഒമ്പതുകോടി ട്രിപ്പുകൾ. സമുദ്ര ഗതാഗത മാർഗങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 1,68,000ത്തിലധിമാണ്. വിമാന യാത്രയിലും ഗണ്യമായ വർധന ഉണ്ടായി. 2.8 കോടി യാത്രക്കാരാണ് എമിറേറ്റിലെ വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്. അബൂദബിയുടെ സംയോജിത ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെയും മൊബിലിറ്റി സംവിധാനങ്ങളുടെയും കരുത്താണ് ഇതിലൂടെ പ്രകടമായത്. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ.
സമൂഹ കേന്ദ്രീകൃത പദ്ധതികളുടെ വികസനത്തിന് ഡി.എം.ടി ഊന്നൽ നൽകുകയുണ്ടായി. ഇവയിൽ പലതും താമസക്കാരുമായി ഇടപഴകുന്നതിനും പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനും പൊതു സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന അബൂദബിയിലുടനീളമുള്ള 20ലധികം പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന മുനിസിപ്പൽ പ്രസൻസ് സെന്ററുകൾ വഴിയാണ് നടപ്പാക്കിയത്.
എമിറേറ്റിലുടനീളമുള്ള ഇരുന്നൂറിലേറെ പാർക്കുകളും ബീച്ചുകളും തുറന്നതും അൽ ബതീൻ ലേഡീസ് ക്ലബ് വീണ്ടും തുറന്നതും കമ്യൂണിറ്റി സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഡി.എം.ടിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അബൂദബി റിയൽ എസ്റ്റേറ്റ് സെന്ററും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. 28,249 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2024ൽ പൂർത്തിയാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 24.2 ശതമാനം വർധന ഉണ്ടായി. മൊത്തം വിപണി മൂല്യം 96.2 ബില്യൺ ദിർഹമിലെത്തി. ഇതിൽ 58.5 ബില്യൺ ദിർഹം വിലമതിക്കുന്ന 16,735 വിൽപന ഇടപാടുകളും 37.7 ബില്യൺ ദിർഹം വിലമതിക്കുന്ന 11,514 മോർട്ട്ഗേജ് ഇടപാടുകളും ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.