ഐ.എ.എ പ്രഥമ മേഖല സമ്മേളനം നവംബറിൽ അബൂദബിയില്‍
text_fieldsദുബൈ: യു.എ.ഇ ഇന്റേണല്‍ ഓഡിറ്റേഴ്സ് അസോസിയേഷന് (ഐ.എ.എ) ഒന്നാം റീജനല്‍ സമ്മേളനം നവംബര്‍ ആറു മുതല്‍ എട്ടുവരെ അബൂദബിയിൽ നടക്കും. അബൂദബി യാസ് ഐലൻഡിലെ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് ഗ്രേറ്റ് ഓഡിറ്റ് മൈന്‍ഡ്സ് എന്ന പേരിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ‘സുസ്ഥിര ചിന്തയെ ജ്വലിപ്പിക്കുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലയിൽ നിന്നുള്ള 1300 വിദഗ്ധർ പങ്കെടുക്കും. അമേരിക്കക്ക് പുറത്ത് ഇതാദ്യമായാണ് ജി.എ.എം കോണ്‍ഫറന്‍സ് നടക്കുന്നത്. അബൂദബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ കോണ്‍ഫറന്‍സ് പാര്‍ട്ണര്‍ അബൂദബി മീഡിയയാണ്.
ലോകത്തിലെ മുന്‍നിര ബിസിനസുകാരില്‍നിന്നും ചിന്തകരില്‍നിന്നും പഠിക്കാനും നിർമിതബുദ്ധി, നൂതന ആശയങ്ങൾ, സുസ്ഥിരത, ഇ.എസ്.ജി തുടങ്ങിയ വിഷയങ്ങള്‍ മനസ്സിലാക്കാനും ഈ സമ്മേളനം പ്രയോജനപ്പെടും.യു.എ.ഇ ഇന്റേണല്‍ ഓഡിറ്റേഴ്സ് അസോസിയേഷനുമായുള്ള സഹകരണത്തിലൂടെ ശാശ്വതമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും അബൂദബിക്ക് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്ന് അബൂദബി കണ്വെന്ഷന് ആൻഡ് എക്സിബിഷന് ബ്യൂറോ ഡയറക്ടര്‍ മുബാറക് അല്‍ ഷാമിസി പറഞ്ഞു.
ഏറ്റവും പുതിയ വ്യവസായിക പ്രവണതകള്‍, സുസ്ഥിരതാരീതികള്, ഡിജിറ്റലൈസേഷന്, ഭരണം, റിസ്ക് മാനേജ്മെന്റ്, തട്ടിപ്പുകള്‍ തടയല്‍ എന്നിങ്ങനെ പ്രസക്തമായ ഒട്ടേറെ വിഷയങ്ങളില്‍ അന്താരാഷ്ട്ര, പ്രാദേശിക സംവേദക സെഷനുകളില്‍ 40ഓളം വിദഗ്ധര്‍ ക്ലാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.