അബൂദബിയിൽ ഇന്നുമുതൽ മുഴുവൻ കുട്ടികളും നേരിട്ട് ക്ലാസിൽ
text_fieldsദുബൈ: അബൂദബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ കുട്ടികളും തിങ്കളാഴ്ച മുതൽ നേരിട്ട് ക്ലാസിലെത്തിത്തുടങ്ങും. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആദ്യഘട്ടമായി ചില ക്ലാസുകളിലെ കുട്ടികൾക്ക് പ്രവേശനത്തിന് അനുമതി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആറുമുതൽ 11വരെ ഗ്രേഡുകളിലെ വിദ്യാർഥികളടക്കം മുഴുവൻ കുട്ടികളും നേരിട്ട് ക്ലാസുകളിലെത്തുന്നത്. കഴിഞ്ഞയാഴ്ച കിന്‍റർ ഗാർട്ടൻ, ഒന്നുമുതൽ അഞ്ചുവരെ ഗ്രേഡുകാർ, 12ാം ഗ്രേഡ് എന്നീ വിദ്യാർഥികൾക്കാണ് നേരിട്ട് ക്ലാസുകളിൽ പ്രവേശനം നൽകിയത്. ഈ സമയത്ത് ആറുമുതൽ 11വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഓൺലൈൻ പഠനം തുടരുകയായിരുന്നു. എന്നാൽ കുട്ടികളുടെ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിന് അനുമതിയുണ്ട്. അബൂദബിയിൽ എല്ലാ വിദ്യാർഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശമുണ്ട്.ദുബൈയിൽ കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിങ്കളാഴ്ച മുതൽ ബൈ വിദ്യാഭ്യാസ വകുപ്പ് ഇളവനുവദിച്ചിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ, ഫിസിക്കൽ എജുക്കേഷൻ, പഠനയാത്ര, പരിപാടികൾ എന്നിവക്കാണ് ദുബൈ വിജ്ഞാന-മാനവ വിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ കാന്‍റീനുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും തുറക്കാനും അനുവദിച്ചിട്ടുണ്ട്. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും അംഗൻവാടികൾക്കും നിർദേശം ബാധകമാണ്.
യു.എ.ഇ സ്കൂളുകൾ ശൈത്യകാല അവധിക്ക് ശേഷം തുറക്കുന്നതിന് മുന്നോടിയായി ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൻെറ ഭാഗമായി മൂന്നാഴ്ചയായി അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈനിലാണ് ക്ലാസുകൾ നടന്നുവന്നിരുന്നത്.
എന്നാൽ ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ ക്ലാസുകൾ നേരിട്ട് തന്നെ നടന്നു. പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾ ഇടകലരുന്ന മറ്റു പ്രവർത്തനങ്ങൾക്ക് എല്ലാ എമിറേറ്റുകളിലും വിലക്കുണ്ടായിരുന്നു. അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ മിക്ക സ്കൂളുകളും തിങ്കളാഴ്ചയോടെ നേരിട്ട് ക്ലാസുകളിലേക്ക് മടങ്ങും. എന്നാൽ, രക്ഷിതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ച് ചില സ്കൂളുകൾ ഓൺലൈൻ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.