സുരക്ഷിത നഗര പദ്ധതി വിലയിരുത്തി റാക് കിരീടാവകാശി
text_fieldsറാസല്‍ഖൈമ: റാക് കോടതികളുടെ സാങ്കേതിക സംവിധാനങ്ങളുടെ ഏകീകരണവും ഇലക്ട്രോണിക് കണക്ടിവിറ്റി നിലവാരവും പ്രശംസാര്‍ഹമാണെന്ന് റാക് കിരീടവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍-ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. റാക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഏകോപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാക് കോടതി പ്രസിഡന്റ് ഹസന് മുഹമ്മദ് അല്‍ ഹബ്സി, സെക്രട്ടറി ജനറല്‍ അഹമ്മദ് മുഹമ്മദ് അല്ഖത്രി, റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തില്‍ എമിറേറ്റിലെ സുരക്ഷ-നീതിന്യായ വകുപ്പിന്റെ സാങ്കേതിക സംയോജന പദ്ധതി ശൈഖ് മുഹമ്മദ് വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍, പ്രധാന നേട്ടങ്ങള്‍, പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ തുടങ്ങിയവയും യോഗം അവലോകനം ചെയ്തു.
റാസല്‍ഖൈമയെ ഗള്‍ഫ് ടൂറിസത്തിന്റെ പ്രാദേശിക തലസ്ഥാനമാക്കി മാറ്റുന്നതിലും മത്സരശേഷിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലും സുരക്ഷ-നീതിന്യായ മേഖല വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. സേവനങ്ങളില്‍ മികവ് പുലര്‍ത്തി എമിറേറ്റിനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിന് പുതിയ ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അഭിപ്രായപ്പെട്ടു.
പ്രധാന ഓപറേഷന് റൂം സന്ദര്‍ശിച്ച റാക് കിരീടാവകാശി സുരക്ഷിത നഗര പദ്ധതിയും സ്മാര്‍ട്ട് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. വ്യക്തികള്‍ക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായ ജീവിത സാഹചര്യം സാധ്യമാക്കുന്നതില്‍ ഓപറേഷന് റൂം വഹിക്കുന്ന പങ്ക് വലുതാണെന്നും ലഭിക്കുന്ന അന്വേഷണങ്ങളോടും റിപ്പോര്‍ട്ടുകളോടും അതിവേഗത്തിലുള്ള പ്രതികരണം നല്‍കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.