അർബുദബാധിതർക്ക് കാരുണ്യ സ്പർശമേകി ഇഷാൽ ഫാത്തിമ
text_fieldsമനാമ: അർബുദബാധിതരായ കുട്ടികളെ സഹായിക്കാൻ ഒമ്പതു വയസ്സുകാരിയായ ഇഷാൽ ഫാത്തിമയുടെ കാരുണ്യസ്പർശം. ഏറെനാൾ പ്രിയപ്പെട്ടതായി നീട്ടിവളർത്തിയ മുടി ദാനം ചെയ്താണ് ഈ കൊച്ചുമിടുക്കി സ്നേഹത്തിന്റെ പുതിയ പാഠം രചിച്ചത്.
ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ ഇഷാൽ വ്യാഴാഴ്ച രാവിലെ ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയാണ് മുടി കൈമാറിയത്. അർബുദബാധിതരായ കുട്ടികൾക്ക് വിഗ്ഗ് നിർമിക്കാൻ തന്റെ 44 സെന്റിമീറ്റർ നീളമുള്ള മുടി ഉപകരിക്കുന്നതിന്റെ ചാരിതാർഥ്യത്തിലാണ് ഈ പെൺകുട്ടി.
എൽ.കെ.ജി മുതൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഇഷാൽ ഫാത്തിമ കഴിഞ്ഞ രണ്ടു വർഷമായി തലമുടി നീട്ടി വളർത്തുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ സ്വദേശികളായ ഷഫീഖ് മധുരമംഗലത്തിന്റെയും റുബീന നാലകത്തിന്റെയും മകളാണ് ഇഷാൽ. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ഇഷാലിന്റെ സദ്പ്രവൃത്തിയെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.