ആറ് ധാരണപത്രങ്ങളിൽ ഒപ്പിട്ട് ലുലു
text_fieldsദുബൈ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളുമായി ഗൾഫുഡിൽ ശക്തമായ സാന്നിധ്യമറിയിച്ച് ലുലു ഗ്രൂപ്. മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി ലുലു ഗ്രൂപ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനായി ആറ് ധാരണപത്രങ്ങളും ഒപ്പിട്ടു. കേന്ദ്ര സർക്കാർ സ്ഥാപനമായ എ.പി.ഇ.ഡി.എയുമായി കാർഷികോൽപന്നങ്ങൾ ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യുന്നതിനുള്ള ധാരണപത്രമാണ് ഇതിൽ പ്രധാനം. നിലവിൽ ലുലു ഗ്രൂപ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 52000 മെട്രിക് ടൺ പഴം-പച്ചക്കറികളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഗൾഫുഡിൽ ഒപ്പിട്ട ധാരണപ്രകാരം കയറ്റുമതി 20 ശതമാനം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, എ.പി.ഇ.ഡി.എ ചെയർമാൻ എം. അംഗമുത്തു, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ് സി.ഒ.ഒ വി.ഐ. സലീമും എ.പി.ഇ.ഡി.എ ഡയറക്ടർ തരുൺ ബജാജുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഉത്തർപ്രദേശ് ഭക്ഷ്യ വിതരണ മന്ത്രാലയവുമായി ഒപ്പിട്ട മറ്റൊരു ധാരണപ്രകാരം സംസ്ഥാനത്തുനിന്ന് കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണയായി. ഉത്തർപ്രദേശ് ഹോർട്ടികൾചർ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പിട്ടത്.
രേണുക ഷുഗർ മിൽസുമായി ഒപ്പിട്ട ധാരണപ്രകാരം ലുലു ബ്രാൻഡ് പഞ്ചസാര വിപണിയിൽ എത്തിക്കും. ഒട്ടകപ്പക്ഷിയിറച്ചി വിപണിയിൽ എത്തിക്കുന്നതിനായി ഓസ്ട്രിച്ച് ഒയാസിസ് എന്ന ഇമാറാത്തി കമ്പനിയുമായും ധാരണയിലെത്തി. അമേരിക്കൻ ഭക്ഷ്യ ഉൽപന്നങ്ങൾ എത്തിക്കുന്നതിനായി അമേരിക്കൻ ഭക്ഷ്യ കമ്പനിയായ ‘ഹെർസ്സു’മായും കരാറൊപ്പിട്ടു.
ആസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനവുമായി നടന്ന ധാരണയുടെ അടിസ്ഥാനത്തിൽ മെൽബണിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ലുലു ഗ്രൂപ് ലോജിസ്റ്റിക്സ് ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്ന് എം.എ. യൂസുഫലി അറിയിച്ചു. ഉന്നത ഗുണനിലവാരമുള്ള ലുലു ബ്രാൻഡ് ഭക്ഷ്യ ഉൽപന്നങ്ങളും ഗൾഫുഡിൽ വെച്ച് വിപണിയിലിറക്കി. ലുലു ഗ്രൂപ് സി.ഇ.ഒ സെഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടർമാരായ എം.എ. സലിം, എം.എം. അൽത്താഫ്, ആനന്ദ് റാം എന്നിവരും സംബന്ധിച്ചു. ഗൾഫുഡിനോടനുബന്ധിച്ച് ഈ മാസം 23 മുതൽ മാർച്ച് എട്ടുവരെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലുലു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.