ലുലുവിന്റെ 246ാം ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബിയില്‍ തുറന്നു
text_fieldsഅബൂദബി: ലുലു ഗ്രൂപ്പിന്റെ 246ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബൈനല്‍ ജസ്രൈനിലെ റബ്ദാന്‍ മാളിലാണ് പുതിയ ഹൈപ്പർ മാര്‍ക്കറ്റ്. ബൈനല്‍ ജസ്രൈന്‍ കോ ഓപറേറ്റിവ് ബോര്‍ഡ് ചെയര്മാന് ശൈഖ് ഹമദ് ബിന്‍ ബുത്തി അല്‍ ഹമദാണ് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിയുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
80,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഗ്രോസറി, ഫ്രഷ് ഉല്പന്നങ്ങള്, ഇലക്ടോണിക്സ്, ഗാര്‍മെന്റ്സ്, ഫാഷന്‍, ഗൃഹോപകരണങ്ങള്‍, സ്റ്റേഷനറി ഉള്‍പ്പെടെ വിശാലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈനല്‍ ജസ്രൈനുമായി ചേര്‍ന്ന് അബൂദബിയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു.
അബൂദബി എമിറേറ്റിലെ 40ാമത്തെ ഹൈപ്പർ മാര്‍ക്കറ്റാണിത്. യു.എ.ഇയില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുകയാണ്. ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തുതരുന്ന യു.എ.ഇ ഭരണകര്‍ത്താക്കള്‍ക്ക് നന്ദി പറയുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയും ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.