കബളിപ്പിക്കപ്പെട്ടാല്‍ ജനം പ്രതികരിക്കും -മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍
text_fieldsഅബൂദബി: കബളിപ്പിക്കപ്പെട്ടോ ഇല്ലയോ എന്നത് ജനത്തിന് അറിയാമെന്നും കബളിപ്പിക്കപ്പെട്ടെന്ന സത്യം വ്യക്തമാവുമ്പോള്‍ അതനുസരിച്ച് പ്രതികരിക്കേണ്ടവര് അതത് സമയത്ത് പ്രതികരിച്ചോളുമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് മാത പള്ളിയില്‍ നല്കിയ സ്വര്‍ണ കിരീടം, ചെമ്പ് കിരീടമാണെന്ന് പള്ളി അധികാരികള്‍ വെളിപ്പെടുത്തിയത് സംബന്ധിച്ച് അബൂദബിയിൽ വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെല്ലാം ബുദ്ധിമാന്ദ്യമുള്ളവരാണെന്ന് ഞാന്‍ കരുതുന്നില്ല. അതത് സമയത്ത് ജനങ്ങള്‍ നിലപാട് സ്വീകരിക്കും. സഭാ തര്‍ക്കങ്ങള്‍ തന്റെ കാലഘട്ടത്തില്‍ തന്നെ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹം. അതിനായി പ്രവര്‍ത്തിച്ചുവരുകയാണ്. ഇന്ത്യയുടെ വിവിധ മേഖലകളിലും കേരളത്തിലടക്കം ആരാധനാലയങ്ങളുടെ മേല്‍ നടക്കുന്ന അവകാശവാദങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്.
പരാതികള്‍ ഉണ്ടാവുമ്പോള്‍ നിയമസംവിധാനങ്ങളിലൂടെ പരിഹാരമുണ്ടാവണം. രാഷ്ട്രീയമായ പരിഹാരത്തിനപ്പുറം കോടതികളുടെ തീരുമാനം ജനായത്ത രാജ്യത്ത് പ്രധാനമാണ്. തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്ന മുന്‍കാല അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളത്. ഭരണത്തില്‍ പരാജയപ്പെടുമ്പോഴാണ് പുതിയ പാര്‍ട്ടികള്‍ അധികാരത്തിലേറുന്നത്. അവരും പരാജയമാണെങ്കില്‍ മാറ്റങ്ങളുണ്ടാവും. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുക തന്നെവേണം. അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ തുടരും. എല്ലാ സമുദായ നേതൃത്വത്തെയും പലപ്പോഴായി സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.