ആവേശമായി മലയാണ്മയുടെ ഫുട്ബാൾ; കപ്പുയര്‍ത്തി 'ജര്‍മനി'
text_fieldsറാസൽഖൈമ: 12 'രാജ്യങ്ങളെ'അണിനിരത്തി ഫൂട്ടി ഫ്രൻഡ്സ് റാസല്‍ഖൈമയില്‍ ആദ്യമായി ലോകകപ്പ് മാതൃകയില്‍ ഒരുക്കിയ
മത്സരത്തില്‍ ചാമ്പ്യന്മാരായി 'ജര്‍മനി'. അറബ് മേഖലയുടെ ഖ്യാതി ഉയര്‍ത്തി ഫുട്ബാള്‍ മാമാങ്കത്തിന് ഖത്തറില്‍ പന്തുരുളുമ്പോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണ് റാസല്‍ഖൈമയിലെയും ഫുട്ബാള്‍ പ്രേമികള്‍.
ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ കായിക മത്സരങ്ങളാണ് കഴിഞ്ഞ നാളുകളില്‍ റാസല്‍ഖൈമയില്‍ നടന്നത്. ഇതില്‍ തൊഴിലാളികളും ജീവനക്കാരും ഉദ്യോഗസ്ഥരും സ്ഥാപന ഉടമകളും കളത്തിലിറങ്ങിയ റാക് ഫൂട്ടി ഫ്രൻഡ്സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായിരുന്നു.
ഒരു കൂട്ടം മലയാളി യുവാക്കളുടെ ആശയമാണ് റാക് ഫൂട്ടി ഫ്രൻഡ്സ്. നേരത്തെ ചെറിയ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ നടത്തി രംഗത്തുള്ള ഫൂട്ടി ഫ്രൻഡ്സ് ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ് പ്രചാരണം ലക്ഷ്യത്തോടെ 12 രാഷ്ട്രങ്ങളുടെ പേരില്‍ ടീമുകള്‍ നിശ്ചയിക്കുകയായിരുന്നു. നെതര്‍ലൻഡ്സ്, അര്‍ജന്റീന, പോളണ്ട്, ഡെന്മാര്ക്ക്, സ്പെയിന്, ബ്രസീല്‍, ജർമനി, ഇംഗ്ലണ്ട്, പോർചുഗല്‍, ക്രൊയേഷ്യ, ബെല്‍ജിയം, ഫ്രാന്‍സ് ടീമുകളെ യഥാക്രമം ഇസ്മായില്‍ അല്‍റഫ, ഷൗക്കത്ത്, ബാവ, ബഷീര്‍, മുനീര്‍ കക്കാടന്‍, ഹനീഫ സാസ്, തന്‍വീര്‍, ഷറഫുദ്ദീന്, സാദിഖ്, ഷാജി, അര്‍സല്‍, ഫാസില്‍ എന്നിവരാണ് നയിച്ചത്.
അതത് രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞാണ് അംഗങ്ങള്‍ കളത്തിലിറങ്ങിയത്. കറാനിലെ കളിക്കളത്തില്‍ വൈകീട്ട് അഞ്ചിന് തുടങ്ങിയ മത്സരങ്ങള്‍ പുലർച്ച മൂന്നു വരെ നീണ്ടു. കലാശക്കളിയില്‍ പോളണ്ടിനെ പരാജയപ്പെടുത്തി കപ്പ് നേടിയത് ജര്‍മനി.
ഖത്തറില്‍ പ്രിയ താരങ്ങളുടെ പോരാട്ടം റാസല്‍ഖൈമയിലെ കഫെകളിലും വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഒരുക്കിയ ബിഗ് സ്ക്രീനുകളില്‍ കാണാന്‍ കഴിയുമെന്നത് ആശ്വാസമാണെന്നും ഫൂട്ടി ഫ്രൻഡ്സ് ടീം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.