ദേശീയദിനാഘോഷം; അണിഞ്ഞൊരുങ്ങി നാടും നഗരവും
text_fieldsദുബൈ: യു.എ.ഇയുടെ 52ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കം സജീവം. സ്ഥാപനങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീയദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും സ്ഥാപിക്കുന്നതിന് തുടക്കമായി. ചില എമിറേറ്റുകളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. ചിലയിടങ്ങളിൽ ആഘോഷം ആഴ്ചകളോളം നീളാറുമുണ്ട്. ഇത്തവണ ഷാർജയടക്കം വിവിധയിടങ്ങളിലാണ് ഔദ്യേഗിക ചടങ്ങുകൾ ആരംഭിച്ചത്. പരമ്പരാഗത ഇമാറാത്തി രീതികളിലാണ് സ്വദേശികളുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ.
എന്നാൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളും ചടങ്ങുകളും ഒരുക്കിയാണ് പ്രവാസി കൂട്ടായ്മകൾ ആഘോഷത്തിന്റെ ഭാഗമാകുന്നത്. അതേസമയം, അവധിദിനങ്ങളിൽ ആഘോഷം അതിരുവിടരുതെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയവും പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മാർച്ചുകളും അനുമതിയില്ലാത്ത ഒത്തുചേരലുകളും പാടില്ലെന്നും യു.എ.ഇയുടേത് അല്ലാത്ത പതാകകൾ ഉയർത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം താമസക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പൊലീസ് നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയദിനമായ ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് അവധി.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ലഭിക്കുന്നതോടെ അഞ്ചാം തീയതിയാണ് പിന്നീട് ഓഫിസുകൾ പ്രവർത്തിക്കുക. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഡിസംബർ 1 വെള്ളിയാഴ്ച വിദൂര ജോലി ദിവസമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രാജ്യത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും വിവിധ പരിപാടികളും ദേശീയദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. എക്സ്പോ സിറ്റിയിലാണ് ദേശീയദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്.
എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ ഡിസംബർ അഞ്ചുമുതൽ 12വരെയാണ് ദേശീയദിനത്തോട് അനുബന്ധിച്ച ഷോ കാണാൻ പൊതുജനങ്ങൾക്കും സൗകര്യമുണ്ട്. യൂനിയൻ ഡേ വെബ്സൈറ്റിൽ ഇതിന്റെ ടിക്കറ്റ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.