ദേശീയദിനം; അവധിയാഘോഷം അതിരുവിടരുത്
text_fieldsദുബൈ: യു.എ.ഇയുടെ പിറവിയെ അനുസ്മരിക്കുന്ന ദേശീയദിനം പടിവാതിൽക്കൽ എത്തിനിൽക്കെ അവധിദിനങ്ങളിൽ ആഘോഷം അതിരുവിടരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ കഴിഞ്ഞദിവസം പുറത്തിറക്കിയത്. മൂന്നു ദിവസമാണ് ഇത്തവണ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ അവധിക്ക് പുറമെ, വെള്ളിയാഴ്ച വിദൂര ജോലിക്ക് അനുമതിയുമുണ്ട്.
സാധാരണ വലിയ ആഘോഷ പരിപാടികളാണ് വിവിധ എമിറേറ്റുകളിലായി നടക്കാറുള്ളത്. ചിലയിടങ്ങളിൽ ആഘോഷം ആഴ്ചകളോളം നീളാറുമുണ്ട്. ഇത്തവണ ഷാർജയടക്കം വിവിധയിടങ്ങളിൽ ഔദ്യേഗിക ചടങ്ങുകൾ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രവാസികൾക്കിടയിലും നിരവധി പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ആഘോഷ ദിവസങ്ങളിൽ പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുൻകരുതൽ നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. റോഡുകളിൽ ആഘോഷം അതിരുവിടുന്നത് ഒഴിവാക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ ചുവടെ:
1. താമസക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പൊലീസ് നിർദേശങ്ങൾ പാലിക്കുകയും വേണം.
2. നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുകയോ വാഹനത്തിന്റെ നിറം മാറ്റുകയോ വിൻഡ്ഷീൽഡ് ഇരുണ്ടതാക്കുകയോ നിറം നൽകുകയോ ചെയ്യരുത്.
3. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത സ്റ്റിക്കറുകളും അടയാളങ്ങളും ലോഗോകളും വാഹനത്തിൽ ഒട്ടിക്കുന്നത് ഒഴിവാക്കണം.
4. ആഘോഷങ്ങൾക്കിടയിൽ റോഡുകളിലെ ദൂരപരിധി പാലിക്കണം. അനുവദനീയമായ പരിധിയിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കണം.
5. സൺറൂഫിലൂടെയോ ജനാലകളിലൂടെയോ പുറത്തേക്ക് ഒരു പ്രവർത്തനവും ഉണ്ടാകരുത്.
6. വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് സിസ്റ്റത്തിലോ എൻജിനുകളുടെ ഘടനയിലോ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യരുത്.
7. വാഹനമോടിക്കുന്നവർ ഗതാഗതം തടസ്സപ്പെടുത്തുകയോ റോഡ് അടക്കുകയോ ചെയ്യരുത്.
8. ഇട റോഡുകളിലും ബാഹ്യ റോഡുകളിലും സ്റ്റണ്ടുകൾ നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
9. കാറിന്റെ മുൻഭാഗമോ വശങ്ങളോ പിൻഭാഗമോ സ്റ്റിക്കർ, സൺ ഷേഡുകൾ എന്നിവ ഉപയോഗിച്ച് മൂടാൻ പാടില്ല.
10. ഡ്രൈവർമാരോ കാൽനടയാത്രക്കാരോ ഏതെങ്കിലും പാർട്ടി സ്പ്രേ ഉപയോഗിക്കുന്നതിനും കർശന നിരോധനമുണ്ട്.
പൊതു നിർദേശങ്ങൾ
• മാർച്ചുകളും നിശ്ചയിക്കാത്ത ഒത്തുചേരലുകളും പാടില്ല
• യു.എ.ഇയുടേത് അല്ലാത്ത പതാകകൾ ഉയർത്തരുത്
• ദേശീയദിനവുമായി ബന്ധപ്പെട്ടല്ലാത്ത സ്കാഫുകൾ
ഉപയോഗിക്കരുത്
• പാട്ട്, മുദ്രാവാക്യം എന്നിവയുടെ ശബ്ദം പരിധിവിടരുത്.
ഇവ ദേശീയദിനവുമായി ബന്ധപ്പെട്ടവയായിരിക്കണം
• യു.എ.ഇയുമായും ദേശീയദിനവുമായും ബന്ധമില്ലാത്ത അലങ്കാരങ്ങൾ ഷോപ്പുകളിൽ സ്ഥാപിക്കാൻ പാടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.