എൻ.എം. പണിക്കർ ബ്രൂണെ-ഇന്ത്യ ട്രേഡ് കമീഷണർ
text_fieldsദുബൈ: ബ്രൂണെയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിൽ കമീഷണറായി മലയാളിയും ദുബൈ എക്സ്പെർട്ട് യുനൈറ്റഡ് മറൈൻ സർവിസ് കമ്പനി സ്ഥാപക ചെയർമാനുമായ എൻ.എം. പണിക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റെയും (എം.ഇ.എ) ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെയും (ഐ.ഇ.ടി.ഒ) ശിപാർശകളെ തുടർന്നാണ് നിയമനം.
ചെന്നൈയിലെ ഐ.ടി.സി ഗ്രാൻഡ് ചോള ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ബ്രൂണെ ദാറുസ്സലാം ഹൈകമീഷണർ ഡാറ്റോ അലാഹുദ്ദീൻ മുഹമ്മദ് താഹയിൽനിന്ന് എൻ.എം. പണിക്കർ ട്രേഡ് കമീഷണർ പദവി സ്വീകരിച്ചതായി അദ്ദേഹം ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മറൈൻ മേഖലയിലെ വർധിച്ചുവരുന്ന തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത് കേരളത്തിൽ പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളി എൻജീനിയറിങ് കോളജിലാണ് പരീലന കേന്ദ്രം സ്ഥാപിക്കുക. മറൈൻ മേഖലയിൽ തൽപരരായ 10 ഉദ്യോഗാർഥികളെ കണ്ടെത്തി അവർക്ക് ആറുമാസത്തെ സൗജന്യ പരിശീലനം നൽകും.
ഓണററി ട്രേഡ് കമീഷണർ എന്ന നിലയിൽ ബ്രൂണെയും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാര കരാറുകൾ സുഗമമാക്കുക, വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ചുമതലകൾ പണിക്കർ വഹിക്കും. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മറൈൻ വ്യവസായത്തെ വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികളിലും സംരംഭങ്ങളിലും സജീവമാകുമെന്ന് പണിക്കർ പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യൻ ജനറൽ സെക്രട്ടറി ഡോ. ജെറോ വർഗീസും അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് ഡയസ് ഇടിക്കുളയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.