ദുബൈ വിമാനത്താവളത്തിൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
text_fieldsദുബൈ: വാഹന സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ച് 3.7 കിലോ കഞ്ചാവ് കടത്താൻശ്രമിച്ച യാത്രക്കാരൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ആഫ്രിക്കയിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് വെഹിക്കിൾ എൻജിൻ എയർ ഫിൽട്ടറുകൾക്കുള്ളിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെടുത്തത്. ഇയാളുടെ ലഗേജ് പരിശോധനക്കിടെ തൂക്കത്തിൽ അസാധാരണമായ വർധന കണ്ടെത്തിയപ്പോൾ വിശദ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പെട്ടിയിലെ വസ്തുക്കൾ പുറത്തെടുത്തപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കഞ്ചാവ് കണ്ടെടുത്തത്.
യാത്രക്കാരനെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. എല്ലാ കള്ളക്കടത്ത് ശ്രമങ്ങളെയും നേരിടാൻ ദുബൈ കസ്റ്റംസ് വിപുലമായ സാങ്കേതികവിദ്യകളുടെ സംയോജിതമായ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ദുബൈ വിമാനത്താവളം ടെർമിനൽ-1 പാസഞ്ചർ ഓപറേഷൻസ് സീനിയർ മാനേജർ ഖാലിദ് അഹ്മദ് പറഞ്ഞു. പരിശോധന ഉപകരണങ്ങൾ ആധുനികവത്കരിച്ചും കസ്റ്റംസ് ഇൻസ്‌പെക്ടർമാരുടെ കഴിവും കാര്യക്ഷമതയും വർധിപ്പിച്ചുമാണ് സമൂഹത്തിന് ദ്രോഹംചെയ്യുന്ന വസ്തുക്കളുടെ ഉപയോഗം തടയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളക്കടത്ത് തടയാൻ ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ യു.എ.ഇയിലെ വിമാനത്താവളങ്ങൾ വളരെ മുന്നിലാണ്. ഏതുതരത്തിലുള്ള മയക്കുമരുന്നും ലഹരിവസ്തുക്കളും കണ്ടെത്താനും കടത്താനുമുള്ള ശ്രമം തടയാനും ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.