ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് നിലവാര പരിശോധന
text_fieldsഷാർജ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ നിലവാര പരിശോധന നടത്താൻ ഒരുങ്ങി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ). പ്രമുഖ റേറ്റിങ് സ്ഥാപനമായ ഡിഗ്ലോസിയയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച കരാറിൽ ഡിഗ്ലോസിയയും എസ്.പി.ഇ.എയും ഒപ്പുവെച്ചു. എസ്.പി.ഇ.എ ഡയറക്ടർ അലി അൽ ഹൊസാനി, ഡിഗ്ലോസിയ സി.ഇ.ഒ മിമി ജെറ്റ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഷാർജ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂളുകളിൽ പരിശോധന നടത്തുക. ഷാർജയിലെ വിദ്യാഭ്യാസപരമായ ലക്ഷ്യങ്ങൾ നേടുന്നതിനും സംയുക്ത വിദ്യാഭ്യാസ സംവിധാനത്തെ നവീകരിക്കാനും സഹായിക്കുന്ന ഡേറ്റകൾ, മറ്റ് വിവരങ്ങൾ എന്നിവ കൈമാറുകയും റിപ്പോർട്ട് തയാറാക്കുകയുമാണ് ഡിഗ്ലോസിയയുടെ ചുമതല.
എമിറേറ്റിൽ ലൈസൻസുള്ള സ്കൂളുകളുമായുള്ള ആശയ വിനിമയം സുഗമമാക്കുകയും സ്റ്റാൻഡേഡ് ടെസ്റ്റുകൾ നടപ്പാക്കുന്നതിന് ഈ സ്കൂളുമായി ബന്ധപ്പെട്ട ഡേറ്റ ഡിഗ്ലോസിയയുമായി പങ്കിടുന്നുണ്ടെന്ന് എസ്.പി.ഇ.എ ഉറപ്പാക്കുകയും ചെയ്യും. കൂടാതെ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഇത് സഹായകമാവും.
സ്കൂളുകളിൽ നടത്തിയ നിലവാര പരിശോധനകളുടെയും വിശകലനങ്ങളുടെയും ഫലങ്ങൾ ഡിഗ്ലോസിയ എസ്.പി.ഇ.എയുമായി പങ്കിടുകയും ചെയ്യും.വ്യക്തിഗത ഡേറ്റയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഫെഡറൽ നിയമം അനുസരിച്ച് ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ഡിഗ്ലോസിയ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പങ്കുവെക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതയും സമഗ്രതയും ഡിഗ്ലോസിയ ഉറപ്പാക്കുന്നതിനൊപ്പം പരിശോധന ഫലങ്ങളെ അടിസ്ഥാനമാക്കി സ്കൂളുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുമെന്ന് എസ്.പി.ഇ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.