റോഡ് അലർട്ട്: അബൂദബിയിൽ അപകട നിരക്ക് കുറഞ്ഞു
text_fieldsഅബൂദബി: പ്രതികൂല കാലാവസ്ഥയിലും അപകടസാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന റോഡ് അലേർട്ട് സംവിധാനത്തിലൂടെ അനേകം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായി അബൂദബി പൊലീസ്. ദുബൈ ജൈടെക്സ് ഗ്ലോബലിൽ ആണ് അബൂദബി പൊലീസ് വെളിപ്പെടുത്തൽ. എട്ടുമാസം മുമ്പാണ് പ്രധാന ഹൈവേകളിൽ റോഡ് അലർട്ട് സംവിധാനം സ്ഥാപിച്ചത്. ഇതിനു ശേഷം ഗുരുതര അപകടങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുബൈ-അബൂദബി ഹൈവേയിൽ ഓരോ 100 മീറ്റർ ഇടവേളകളിലുമായി നാലു നിറങ്ങളിലാണ് ഈ മുന്നറിയിപ്പ് സംവിധാനം.
ചുവപ്പ്, നീല നിറങ്ങൾ തെളിഞ്ഞാൽ അപകട സൂചനയാണ്. മഞ്ഞ ലൈറ്റ് മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ മുതലായ പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് കണ്ടാൽ വാഹനം വേഗത കുറക്കണമെന്നാണ് നിയമം. നാലാമത്തെ നിറം ഭാവിയിൽ ഉപയോഗിക്കാനുള്ളതാണെന്ന് അബൂദബി പൊലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് ബിൻ ഹാദി പറഞ്ഞു. മഞ്ഞലൈറ്റ് മിന്നിയാൽ വേഗത 140 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കണം. 80 കിലോമീറ്ററിനു മുകളിൽ സഞ്ചരിച്ചാൽ അമിത വേഗതയ്ക്കുള്ള പിഴ ചുമത്തും. 2018ൽ അബൂദബി പൊലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ സ്മാർട്ട് അലേർട്ട് സംവിധാനം സ്ഥാപിച്ചതെന്ന് മറ്റൊരുദ്യോഗസ്ഥനായ മുഹമ്മദ് അൽ ഹൊസനി പറഞ്ഞു.
സൗരോർജത്തിലാണ് ഇവ പ്രവർത്തിക്കുക. ഇ-11 പാതയിൽ തുടക്കമിട്ട സംവിധാനം ഇപ്പോൾ അൽ ധഫ്ര റീജ്യനിൽ മുഴുവനായി സ്ഥാപിച്ചുവരികയാണ്. ഇടറോഡുകളിലും വൈകാതെ ഈ സംവിധാനം സ്ഥാപിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ഏര്‍പ്പെടുത്തിയിരുന്നു. 140 കിലോമീറ്ററാണ് ഈ റോഡിലെ പരമാവധി വേഗം. 120 കിലോമീറ്ററില്‍ കുറഞ്ഞ വേഗത്തില്‍ ഈ റോഡില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് പിഴ.
കുറഞ്ഞ വേഗതയില്‍ പോവുന്നവര്‍ക്ക് മൂന്നാമത്തെ ലൈൻ ഉപയോഗിക്കാവുന്നതാണ്. ഇവിടെ കുറഞ്ഞ വേഗത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. മൂടല്‍ മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥയില്‍ പാതകളിലെ വേഗപരിധി നിര്‍ണയിക്കുന്ന സ്മാര്‍ട്ട് സംവിധാനവും ഏറെ ഗുണകരമാണ്. 200 മീറ്ററില്‍ കുറവ് ദൂരക്കാഴ്ചയുണ്ടാവുന്ന കാലാവസ്ഥകളില്‍ മണിക്കൂറില്‍ 80 കിലോമീറ്ററാണ് വേഗത പാലിക്കേണ്ടത്. ഇതു വ്യക്തമാക്കുന്ന ഇലക്ട്രോണിക് മുന്നറിയിപ്പ് ബോര്‍ഡുകള്‍ പാതയോരത്ത് സ്ഥാപിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ റോഡുകളില്‍ നൂറുകണക്കിന് റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്രഞ്ച് സാങ്കേതികവിദ്യാ കമ്പനിയായ ഐ.ഡി.ഇ.എം.ഐ.എ, യു.എ.ഇ ആസ്ഥാനമായ അലയന്‍സ് ട്രാഫിക് സിസ്റ്റംസ് എന്നിവയുമായി യോജിച്ചാണ് അബൂദബി പോലിസ് റഡാര്‍ സേവനം ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.