റോഡുകൾ തകർന്നു; വീടുകൾക്കും കടകൾക്കും നഷ്ടം
text_fieldsഫുജൈറ: പേമാരിക്കൊപ്പം വന്നിറങ്ങിയ പ്രളയത്തിൽ വിവിധ എമിറേറ്റുകളിലെ നിരവധി റോഡുകൾ തകർന്നു. മലനിരകളിൽനിന്ന് വാദികളിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലമാണ് പല സ്ഥലങ്ങളിലും റോഡുകൾ തകർത്തത്. വെള്ളം കെട്ടിനിന്നുണ്ടായ ചളിയും മറ്റു മാലിന്യങ്ങളും റോഡുകളിൽ തടസ്സമായി. ചിലയിടങ്ങളിൽ നടപ്പാതകളും റൗണ്ട് എബൗട്ടുകളും നശിച്ചു.
നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. വീടുകളിലെയും കടകളിലെയും വസ്തുവകകളും വ്യാപകമായി നശിച്ചു. വീടുകൾക്കകത്ത് വെള്ളം കയറിയതോടെ ഉപകരണങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമായി. മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറി. അതിവേഗം നടന്ന രക്ഷാപ്രവർത്തനമാണ് നാശനഷ്ടം കുറച്ചത്.
ഫുജൈറയിൽ വിവിധ സ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ കച്ചവടത്തിനായി സൂക്ഷിച്ച വസ്തുക്കൾ നശിച്ചു. ചില വെയർ ഹൗസുകളിൽ സൂക്ഷിച്ച വ്യാപാര വസ്തുക്കളും നഷ്ടപ്പെട്ടു. ഇത്തരത്തിൽ പല വ്യാപാരികൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. വാഹനങ്ങൾ ഒഴുകിപ്പോയതും പലർക്കും വലിയ നഷ്ടമുണ്ടാക്കി. നിർത്തിയിട്ട വാഹനങ്ങളിൽ വെള്ളം കയറിയതോടെ പലരുടെയും കാറുകളും മറ്റ് വാഹനങ്ങളും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമാണ്.
ചിലരുടെ സുപ്രധാന രേഖകളും മറ്റും വെള്ളം കയറി നശിച്ചു. കടകളിലും താമസ സ്ഥലങ്ങളിലും സൂക്ഷിച്ച രേഖകൾ പലരും രക്ഷപ്പെടുന്ന സമയത്ത് കൈയിൽ കരുതിയിരുന്നു. എന്നാൽ, ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയാത്ത ചിലർക്കാണ് പ്രയാസമുണ്ടായത്.
റാസൽഖൈമയിലെ കാർഷിക മേഖലയിൽ വലിയ നഷ്ടം സംഭവിച്ചില്ല. വിളവെടുപ്പ് സമയം കഴിഞ്ഞതിനാൽ കൃഷിയിടങ്ങളെല്ലാം ഒരുപരിധിവരെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കടുത്ത വേനലായതിനാൽ അടുത്തഘട്ട കൃഷി ആരംഭിച്ചിരുന്നുമില്ല. ഒരു ദിവസത്തിനകം വെള്ളമിറങ്ങിയതോടെ നഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് എല്ലാവരും. അതിവേഗം പൂർവസ്ഥിതിയിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് മിക്കവരും.
രക്ഷാപ്രവർത്തനം സമ്പൂർണ വിജയം
ഫുജൈറ: മൂന്നു പതിറ്റാണ്ടിനിടയിലെ കനത്ത മഴ വിതച്ച പ്രളയം വലിയ അപകടങ്ങളില്ലാതെ ഒഴിഞ്ഞു. തെളിഞ്ഞ അന്തരീക്ഷത്തിൽ തെരുവുകളിലും വീടുകളിലും വെള്ളിയാഴ്ച ശുചീകരണ തിരക്കായിരുന്നു. റോഡിലെ മരങ്ങളും മറ്റും നീക്കി ഗതാഗതം പുനരാരംഭിച്ചു. തകർന്ന റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതും ഗതാഗത തടസ്സമായി.
വീടുകളിൽനിന്ന് ഒഴിഞ്ഞുപോയവരെ തിരിച്ചെത്തിച്ചുതുടങ്ങിയില്ല. താൽക്കാലിക ഷെൽട്ടറുകളിലും ഹോട്ടലുകളിലും കഴിയുന്നവരെ വീടുകൾ ശുചീകരിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തിരിച്ചെത്തിക്കും. ഷാർജയിലെയും ഫുജൈറയിലെയും താൽക്കാലിക സെന്ററുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി. 800ലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുരന്ത മേഖലകളിൽനിന്ന് വിവിധ സേനകൾ രക്ഷപ്പെടുത്തിയത്. ഫുജൈറയിലെ 20 ഹോട്ടലുകളിൽ 1885 പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ദുരിതത്തിലായവർക്ക് സഹായമെത്തിക്കുന്നതിന് വിവിധ രക്ഷാസേനകൾ വെള്ളിയാഴ്ചയും സജീവമായി. റാസൽഖൈമയിൽ വാദികളും ഡാമും കരകവിഞ്ഞ് കുടുങ്ങിയവരെ ഹെലികോപ്ടറിലാണ് രക്ഷിച്ചത്. കുട്ടികളെയും വളർത്തു മൃഗങ്ങളെയും അടക്കം അധികൃതർ സുരക്ഷിതരാക്കി.
എമർജൻസി, ക്ലീനിങ് ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കുന്ന ടീമുകൾക്ക് എല്ലാ തരത്തിലുള്ള ലോജിസ്റ്റിക്, ഫീൽഡ് പിന്തുണയും നൽകാൻ എമിറൈറ്റ്സ് റെഡ് ക്രസൻറിന് നിർദേശം നൽകി. സഹായമെത്തിക്കാൻ റെഡ് ക്രസന്റ് വളന്റിയർമാരും സജീവമാണ്.
വെള്ളം കയറിയ താമസ സ്ഥലങ്ങളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.