അബൂദബി തീരങ്ങളിൽ കടൽ പാമ്പുകൾ; ജാഗ്രത പാലിക്കാൻ കർശന നിർദേശം
text_fields. അബൂദബി: തലസ്ഥാനത്തെ കടൽത്തീരങ്ങളിൽ വിഷമുള്ള കടൽപാമ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശം. നവംബർ മുതൽ ഫെബ്രുവരി വരെ യു.എ.ഇ തീരങ്ങളിൽ കടൽ പാമ്പുകൾ സാധാരണമാണെന്നും മുന്നറിയിപ്പ് നൽകുന്നു.
മഞ്ഞവരയുള്ള പെലാമിസ് പ്ലാറ്ററസ് എന്ന കടൽപാമ്പാണ് യു.എ.ഇയിലെ സമുദ്രത്തിൽ കാണപ്പെടുന്നത്. അബൂദബിയിലെ കടൽത്തീരത്ത് ശൈത്യകാലത്ത് കാണപ്പെടുന്ന വിഷമുള്ള കടൽപാമ്പുകളെക്കുറിച്ച് അബൂദബി പരിസ്ഥിതി ഏജൻസിയുടെ ഉരഗങ്ങളെക്കുറിച്ചുള്ള വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ശൈത്യകാലത്ത് സാധാരണയായി കാണപ്പെടുന്ന പാമ്പുകളുടെ കടിയേറ്റാൽ മാരകമായേക്കാം.
22 ഡിഗ്രി സെൽഷ്യസ് വരെ തണുത്ത താപനിലയാണ് കടൽപാമ്പുകൾ ഇഷ്ടപ്പെടുന്നത്. തണുപ്പ് അനുഭവപ്പെടുന്ന നവംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഒട്ടേറെ കടൽ ജീവികൾ ആഴമില്ലാത്ത തീരപ്രദേശങ്ങളിൽ ഇണചേരാനെത്തുന്നു. താപനില വീണ്ടും ഉയരുന്നതിനാൽ വേനൽക്കാലത്ത് ആഴക്കടലിലേക്ക് ഇവ പിൻവാങ്ങുന്നു.
കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്ന കടൽപാമ്പുകളിൽനിന്ന് അകന്നുനിൽക്കാനും അവയെ കൈകാര്യം ചെയ്യരുതെന്നും ബീച്ചുകളിൽ പതിച്ച നോട്ടിസുകൾ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നു. എല്ലാ കടൽപാമ്പുകളും വിഷമുള്ളവയാണ്. ഭയപ്പെടുമ്പോൾ മാത്രമേ അവർ സ്വയം പ്രതിരോധത്തിൽ ആക്രമിക്കുകയുള്ളൂ. അറിയപ്പെടുന്ന 70 ഇനം കടൽപാമ്പുകളിൽ ആറോളം തരമാണ് യു.എ.ഇയിലെ സമുദ്രത്തിൽ വസിക്കുന്നത്. രണ്ട് മീറ്റർ വരെ നീളത്തിൽ വളരുന്നവയാണിവ. അറേബ്യൻ ഗൾഫ് കടൽപാമ്പ്, മഞ്ഞവരയുള്ള കടൽപാമ്പ്, അലങ്കരിച്ച റീഫ് കടൽപാമ്പ് എന്നിവയാണ് യു.എ.ഇയിൽ കാണുന്ന സാധാരണമായ കടൽപാമ്പുകൾ.
പാമ്പുകടിയേറ്റാൽ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടേണ്ടതുണ്ട്. കടൽ പാമ്പുകൾ കടിക്കുമ്പോൾ അപൂർവമായ വിഷം അവിടെ നിക്ഷേപിക്കുന്നു.വിഷമേറ്റാൽ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും രക്തം ശരിയായി കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ഓക്കാനം, ഛർദ്ദി, നാവ് കട്ടിയാകൽ തുടങ്ങിയ പ്രത്യാഘാതങ്ങൾക്കും കാരണമായേക്കാം. വളരെ അപൂർവ സന്ദർഭങ്ങളിൽ കടിയേറ്റയാൾക്ക് ജീവഹാനിയും സംഭവിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.