സുരക്ഷ ബോധവത്കരണം; എ.ഡി.സി.ഡി.എയും ലുലുവും ധാരണയിൽ
text_fieldsഅബൂദബി: സുരക്ഷ ബോധവത്കരണം ഊർജിതപ്പെടുത്തുന്നതിനായി അബൂദബി സിവിൽ ഡിഫൻസും (എ.ഡി.സി.ഡി.എ) ലുലു ഗ്രൂപ്പും ധാരണപത്രത്തിൽ ഒപ്പുവെച്ചു. പ്രതിരോധ, പൊതുസുരക്ഷ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അപകടസാധ്യതകൾക്കും തീപിടിത്തങ്ങൾക്കും എതിരായ പ്രതിരോധ നടപടികളും സുരക്ഷ മുൻകരുതലുകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെയുള്ള ബോധവത്കരണ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കും. എ.ഡി.സി.ഡി.എ ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സലീം അബ്ദുല്ല ബിൻ ബരാക് അൽ ദാഹേരിയും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുമാണ് അബൂദബി ഖലീഫ സിറ്റിയിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സ്വകാര്യ മേഖലയുമായുള്ള സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും കമ്യൂണിറ്റി അവബോധ പരിപാടികൾ സജീവമാക്കുകയും ചെയ്യുന്ന സഹകരണത്തെ അബൂദബി സിവിൽ ഡിഫൻസ് ഏറെ വിലമതിക്കുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ സലീം അബ്ദുല്ല ബിൻ ബരാക് അൽ ദാഹേരി പറഞ്ഞു. അബൂദബി സർക്കാറിന്റെ ഈ സംരംഭത്തിൽ പ്രധാന പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലുള്ള ഈ ബോധവത്കരണ ദൗത്യത്തെ പിന്തുണക്കുന്നതിനായി ലുലു എല്ലാ വിഭവങ്ങളും വിപണന വൈദഗ്ധ്യവും ഉപയോഗിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ കേണൽ സാലിം ഹാഷിം അൽ ഹബാഷി, ലുലു അബൂദബി ഡയറക്ടർ അബൂബക്കർ, കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.