ഷാർജയുടെ ചരിത്രമുറങ്ങുന്ന മ്യൂസിയം തുറക്കുന്നു
text_fieldsശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി പുരാവസ്തു മ്യൂസിയം
ഷാർജ: ഷാർജയുടെ ചരിത്രമുറങ്ങുന്ന ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി പുരാവസ്തു മ്യൂസിയം സന്ദർശകർക്കായി തുറക്കുന്നു. എമിറേറ്റിന്റെ കിഴക്കൻ തീരത്തുള്ള കൽബ നഗരത്തിലാണ് ചരിത്രപരമായി ഏറെ കഥകൾ പറയുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ധനം കണ്ടെത്തുന്നതിന് മുമ്പ് യു.എ.ഇയുടെ ജീവിത രീതികളെ കുറിച്ച് പഠിക്കാനും മനസിലാക്കാനും വിത്യസ്തമായ അവസരമൊരുക്കുകയാണ് ഈ പുരാവസ്തു കേന്ദ്രം.
1898ലും 1901നും ഇടയിൽ ആണ് കൽബ ഭരണാധികാരിയായിരുന്ന ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഒരു കാലത്ത് ഷാർജയുടെ ഭരണസിരാകേന്ദ്രമായിരുന്നു ഇതെന്നാണ് ചരിത്രം. അദ്ദേഹം ഭരിച്ചതും നിരവധി കരാറുകളിൽ ഒപ്പുവെച്ചതും ഈ കൊട്ടാരത്തിൽ വെച്ചാണ്. ഇമാറാത്തി വാസ്തുകല രീതിയിലാണ് കൊട്ടാരത്തിന്റെ രൂപകൽപന. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 1999 ഡിസംബർ അഞ്ചിനാണ് ഷാർജ മ്യൂസിയം അതോറിറ്റിയുടെ കീഴിൽ കൊട്ടാരം പുരാവസ്തു മ്യൂസിയമാക്കി മാറ്റുന്നത്. കൽബ കോട്ടക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ ചരിത്രപരമായ അനേകം പുരാവസ്തുക്കളും രേഖകളും സൂക്ഷിച്ചിട്ടുണ്ട്. അറബ് ചരിത്രത്തിന്റെ നേർ ചിത്രം വെളിവാക്കുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ മ്യൂസിയം സന്ദർശകർക്ക് വിത്യസ്തമായ അനുഭവം സമ്മാനിക്കും.
വാസ്തു വിദ്യയിലും അറബ് കലാ സൃഷ്ടി വൈഭവം വിളിച്ചോതുന്നതാണ് പൈതൃക കെട്ടിടം. ഗൾഫ് ഓഫ് ഒമാൻ ശൈഖിന്റെ കുടുംബത്തിന്റെ സുരക്ഷിത വസതിയായും സർക്കാറിന്റെ പ്രധാന കേന്ദ്രമായും പ്രവർത്തിച്ചിരുന്ന വീട് പ്രാദേശിക രൂപകൽപനയും സാംസ്കാരിക രീതികളും അനുസരിച്ച് നിർമിച്ചതാണ്. കെട്ടിടത്തിന്റെ കിഴക്ക് ഭാഗം കാവൽക്കാർക്കും പുരുഷൻമാരായ സന്ദർശകർക്കുമായി നിശ്ചയിക്കപ്പെട്ടതാണ്. പുറം മജ്ലിസ്, ശൈഖ് മജ്ലിസ് എന്നറിയപ്പെടുന്ന അൽ മുക്തസർ, അൽ മുറബ്ബ (ചതുരാകൃതിയിലുള്ള പ്രതിരോധ ടവർ), അൽ മാസഗൽ (വെടിവെക്കാനുള്ള ദ്വാരങ്ങൾ) അടങ്ങുന്ന പ്രതിരോധ മതിലുകളും ഇതിൽ ഉൾപ്പെടുന്നു. തെക്കു കിഴക്ക് ഭാഗത്ത് സുരക്ഷ ഭടൻമാർക്കുള്ള വിശ്രമ മുറികളാണ്. ഇത് കൂടാതെ 17 മുറികൾ, മൂന്ന് ചേംബറുകൾ, മനോഹരമായ പൂന്തോട്ടം, സന്ദർശകർക്ക് പ്രത്യേക സ്വീകരണ മുറി എന്നിവയും ഈ ഭവനത്തിൽ ഉൾപ്പെടുന്നുണ്ട്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടു മണിവരെയും വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ടു മണിവരെയുമാണ് പ്രവേശന സമയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.