പ്രത്യാശയുടെ പുതു ജീവിതത്തിലേക്ക്...
text_fieldsഅബൂദബി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഗാർഹിക തൊഴിലാളി ഒരു വർഷത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ഇത്യോപ്യൻ യുവതി നസറിയ ഷുറെ (30) ആണ് അബൂദബിയിലെ ശൈഖ് ശക്ബൂത്ത് മെഡിക്കൽ സിറ്റിയിലെ ചികിത്സയിൽ കഴിഞ്ഞിരുന്നത്. 2023 ജനുവരിയിലാണ് വീട്ടിൽ വൻ സ്ഫോടനമുണ്ടയത്.
ജോലി ചെയ്തിരുന്ന വീട്ടിൽ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് ചോർച്ച അറിയാതെ സ്റ്റൗ കത്തിച്ചതാണ് അപകടത്തിന് കാരണം. പൊട്ടിത്തെറിയിൽ അടുക്കളയുടെ ജനവാതിലുകൾ അടക്കം തകർന്നുപോയിരുന്നു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ യുവതി മൂന്നു മാസത്തോളം കോമയിൽ അബോധാവസ്ഥയിലായിരുന്നു. ഡോക്ടർമാരുടെ മികച്ച പരിചരണമാണ് തന്‍റെ ജീവൻ രക്ഷിച്ചതെന്ന് നസറിയ പറഞ്ഞു.
90 ശതമാനം പൊള്ളലേറ്റാൽ ജീവഹാനി സംഭവിക്കാൻ സാധ്യതയേറയാണ്. പക്ഷെ, മികച്ച ചികിത്സയിലൂടെ തന്‍റെ ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞുവെന്നത് ആശ്വാസകരം. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഓർമയില്ല. അപകടത്തിൽ എനിക്ക് മാത്രം എങ്ങനെയാണ് പരിക്കേറ്റതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ചേർന്ന് മികച്ച ടീമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
പൊള്ളലേൽക്കുന്ന രോഗികളെ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ഡോ. മുഹമ്മദ് റിയാസ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് നിരവധി പ്ലാസ്റ്റ് സർജറികളും നടത്തേണ്ടി വന്നിരുന്നു. നടക്കാനായി സന്ധികൾക്ക് ചുറ്റും പ്രത്യേകം നിർമിച്ച ചർമം വെച്ചുപിടിപ്പിക്കേണ്ടിയും വന്നു. ഇത്തരം കേസുകളിൽ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങുകയാണ് പതിവ്. തുടക്കത്തിൽ വലിയ വെല്ലുവിളിയാണ് രോഗിയിൽ നിന്നുണ്ടായത്.
എങ്കിലും മികച്ച ടീമിന്‍റെ പ്രയത്നം കൊണ്ടും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടും രോഗി ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് ഡോ. മുഹമ്മദ് റിയാസ് ഖാൻ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിൽ ഒന്നാണ് അബൂബദിയിലെ ശൈഖ് ശക്ബൂത്ത് മെഡിക്കൽ സിറ്റി. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളും മികച്ച പരിശീലനം നേടിയ ഡോക്ടർമാരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.