പ്രഥമ ആഗോള മാധ്യമ സമ്മേളനം അബൂദബിയിൽ
text_fieldsഅബൂദബി: പ്രഥമ ആഗോള മാധ്യമ സമ്മേളനത്തിന് അബൂദബി വേദിയാവുന്നു. നവംബർ 15 മുതൽ 17 വരെയാണ് അബൂദബിയിൽ ഗ്ലോബൽ മീഡിയ കോൺഗ്രസ് അരങ്ങേറുകയെന്ന് അധികൃതർ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് അഡ്നെക്, ദേശീയ വാർത്ത ഏജൻസിയായ വാം എന്നിവയാണ് നേതൃത്വം നൽകുന്നത്. മാധ്യമ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ആശയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ വിദേശത്തുനിന്നുള്ള മാധ്യമപ്രവർത്തകരും വിദഗ്ധരും പങ്കെടുക്കും. ഡിജിറ്റൽ കമ്യൂണിക്കേഷൻ, നിർമിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമ മേഖലയിലെ സർഗാത്മകത, മാധ്യമപ്രവർത്തനം, റേഡിയോ, ടി.വി, ഇന്റർനെറ്റ്, സാമൂഹിക മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾക്ക് സമ്മേളനം വേദിയാവും. 200ലേറെ ഉന്നത ഉദ്യോഗസ്ഥരും 1200 പ്രതിനിധികളും മുപ്പതോളം സെഷനുകളിലായി പങ്കെടുക്കും. 40ലേറെ പ്രഭാഷകരും സംബന്ധിക്കുന്നുണ്ട്.
പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ മാധ്യമ മേഖലയുമായി ബന്ധം കെട്ടിപ്പടുക്കുകയും സഹകരിച്ചുപ്രവർത്തിക്കുകയും ചെയ്യുന്ന തങ്ങളുടെ നയമാണ് പ്രഥമ ആഗോള മാധ്യമ സമ്മേളനത്തിന് അബൂദബി വേദിയാവുന്നതിലൂടെ തുറന്നുകാട്ടുന്നതെന്ന് വാം ഡയറക്ടർ ജനറൽ മുഹമ്മദ് അൽ റയ്സി പറഞ്ഞു. പ്രാദേശിക മാധ്യമ മേഖലയിലേക്ക് അന്താരാഷ്ട്ര കമ്പനികൾക്ക് പ്രവേശനം സാധ്യമാക്കുകകൂടി ചെയ്യുന്നുണ്ട് അബൂദബിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.