മാസ്ക് താടിയാഭരണമല്ല
text_fieldsജനിതകമാറ്റം സംഭവിച്ച കോവിഡ് കൂടുതൽ വെല്ലുവിളി ഉയർത്തുന്നു. അതിനെതിരെ പോരാടുക, അതിജീവിക്കുക എന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മൂക്കും വായും ശരിയായ രീതിയിൽ മറച്ചുകൊണ്ടായിരിക്കണം മാസ്ക് ധരിക്കേണ്ടത്. ഇല്ലെങ്കിൽ ചർമത്തിനെന്നപോലെ കണ്ണിനെയും ബാധിക്കും.
കണ്ണുകളിലെ അസ്വസ്ഥത, വരൾച്ച എന്നീ പരാതികൾ അടുത്തിടെയായി കൂടുതൽ കേൾക്കുന്നു. ലിഡുകളുടെ ഗ്രന്ധികളുടെ അണുബാധ വർധിച്ചുവരുന്നതായും കാണുന്നുണ്ട്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രത്യേക പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും മാസ്ക് അനുചിതമായി ധരിക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
എങ്ങനെ?
മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്ത ഒരാളുടെ ശ്വാസത്തിൽനിന്ന് വായുസഞ്ചാരം മാസ്കിെൻറ മുകൾഭാഗത്തെ വിടവുകളിലൂടെ കണ്ണുകളിലേക്ക് എത്തുന്നു. കണ്ണട ധരിക്കുന്നവരിൽ ഇത് ഫോഗിങ്ങിനും കാരണമാകുന്നു. അതിനാൽ കണ്ണട ധരിക്കുന്നവർ മാസ്ക് ക്രമീകരിക്കുകയും ശരിയായ രീതിയിൽ ധരിക്കുകയും ചെയ്യണം. കണ്ണട ധരിക്കാത്തവർ കണ്ണിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ മാസ്ക് മൂക്കിന് താഴേക്ക് ഇറക്കിവെക്കും. ഇങ്ങനെ വെക്കുന്നതും മാസ്ക് ധരിക്കാത്തതും ഒരുപോലെയാണ്.
കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ
മാസ്കിനിടയിലൂടെ കണ്ണുകളിലേക്കെത്തുന്ന വായു കണ്ണുനീരിനെ വരണ്ടതാക്കുന്നു. ഇത് ഡ്രൈ ഐ ഡിസോർഡറിലേക്ക് നയിക്കും. പ്രധാനമായും അസ്വസ്ഥത, ചൊറിച്ചിൽ, പുകച്ചിൽ എന്നിവയാണ് ഇതിെൻറ ലക്ഷണങ്ങൾ. അപൂർവം ചിലരിൽ ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള സംവേദനക്ഷമത) കാഴ്ചവൈകല്യത്തിനും ഇത് കാരണമാകുന്നു. ചൊറിച്ചിൽ അനുഭവപ്പെടുേമ്പാൾ സ്വാഭാവികമായും കണ്ണുകളിൽ അമർത്തി തടവുന്നു. ഇതുമൂലം കൺപോളകളിലേക്കും അസുഖം പടരും. ലിഡിെൻറ വേദനക്കും വീക്കത്തിനും ഇത് വഴിവെക്കുന്നു.
എങ്ങനെ തടയാം?
മാസ്കുകളുടെ മുകൾ ഭാഗത്ത് നേർത്ത ബാൻഡുണ്ട്. മാസ്ക് ധരിച്ചശേഷം ഈ ബാൻഡ് മൂക്കിന് മുകളിൽ അമർത്തണം. ഇങ്ങനെ ധരിച്ചാൽ നമ്മുടെ വായിൽനിന്നുള്ള നിശ്വാസ വായു കണ്ണിലേക്ക് എത്താതിരിക്കും. ഈ ബാൻഡുകളിൽ ടേപ്പ് ഒട്ടിച്ചാൽ കൂടുതൽ സുരക്ഷ കണ്ണുകൾക്ക് ലഭിക്കും. തുണികൊണ്ടുള്ള മാസ്കുകൾ കഴിവതും ഒഴിവാക്കുക. കാരണം അവ ധാരാളമായി വായുപ്രവാഹം കണ്ണിലേക്ക് നയിക്കും. അവയിൽ ബാൻഡുണ്ടാവാൻ സാധ്യത കുറവാണ്.കണ്ണുകളിൽ സ്പർശിക്കുകയോ തടവുകയോ ചെയ്യുന്നത് ഒഴിവാക്കണം.
കൂടുതൽ ചൊറിച്ചിലോ വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുവെങ്കിൽ നേത്ര വിഭാഗം വിദഗ്ധനെ സമീപിക്കുക. ലിഡ് ഹൈജീൻ വളരെ പ്രധാനപ്പെട്ട ഒന്നാണ്. 50 ശതമാനം ശുദ്ധജലത്തിൽ ലയിപ്പിച്ച ബേബി ഷാംപു ഉപയോഗിച്ച് കൺപീലികളും ലിഡും ശുദ്ധിയാക്കാം. ഷാംപു കണ്ണുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസേന മൂന്നോ നാലോ തവണ കുറച്ചുനേരത്തേക്ക് ലിഡുകളിലേക്ക് ആവികൊണ്ടാൽ മൂടിക്കെട്ടിയ സുഷിരങ്ങൾ തുറക്കും. ഇതുമൂലം അണുബാധ തടയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.