സ്വകാര്യ മേഖലയിലെ ഇമാറാത്തികളുടെ എണ്ണം 80,000 കടന്നു
text_fieldsദുബൈ: സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം 80,000 പിന്നിട്ടതായി മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ രൂപപ്പെടുത്തിയ വിവിധ നയങ്ങളും പദ്ധതികളുമാണ് സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനക്ക് സഹായിച്ചത്. 2018നെ അപേക്ഷിച്ച് ഇമാറാത്തികളുടെ എണ്ണം മൂന്നിരട്ടിയിലേറെ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫെഡറൽ സർക്കാർ മേൽനോട്ടത്തിൽ 2022ൽ നടപ്പാക്കിയ സ്വദേശിവത്കരണ നടപടികൾക്കുശേഷമാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി ലഭിച്ചത്. 2021ൽ 29,810 പേരാണ് സ്വകാര്യ മേഖലയിലുണ്ടായിരുന്നത്. 2022 അവസാനത്തിൽ എണ്ണം ഇരട്ടിയോളം വർധിച്ച് 50,228 ആയി.
നിലവിൽ 17,000 കമ്പനികളാണ് ഇമാറാത്തികളെ നിയമിച്ചിട്ടുള്ളത്. യു.എ.ഇയിൽ മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് ദുബൈയിലാണ് കൂടുതൽ സ്വദേശികൾ സ്വകാര്യ മേഖലയിൽ നിയമിതരായിട്ടുള്ളത്. ദുബൈയിലെ 47.4 ശതമാനം കമ്പനികളിൽ ഇമാറാത്തികളുണ്ട്. അബൂദബിയിൽ 38.6 ശതമാനം, ഷാർജയിൽ 7.1 ശതമാനം, അജ്മാനിൽ 2.5 ശതമാനം, റാസൽഖൈമയിൽ 2 ശതമാനം, ഫുജൈറ 1.7 ശതമാനം, ഉമ്മുൽഖുവൈനിൽ 0.7 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടപ്പാക്കിയ കമ്പനികൾ. ബിസിനസ് സർവിസുകൾ, ഭരണപരമായ സേവനങ്ങൾ, വ്യാപാര-അറ്റകുറ്റപ്പണി സ്ഥാപനങ്ങൾ, ചെറുകിട-മൊത്തവ്യാപാര സ്ഥാപനങ്ങൾ, നിർമാണം, സിവിൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് ഏറെപ്പേരും നിയമിതരായുള്ളത്.
സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 20ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിയമിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്. ഇതനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിർബന്ധമായും നിയമിക്കണം.
ഇത് പാലിച്ചില്ലെങ്കിൽ 2025 ജനുവരിയിൽ 96,000 ദിർഹം സ്ഥാപനത്തിൽനിന്ന് ഈടാക്കും. 2025ൽ നിലവിലെ സ്വദേശി ജീവനക്കാരനു പുറമെ മറ്റൊരു സ്വദേശിയെകൂടി നിയമിക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടിവരും. 14 മേഖലയിലെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ സ്വദേശിവത്കരണ നിർദേശം ബാധകമാക്കിയിരിക്കുന്നത്. ഇത് നടപ്പാകുന്നതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.