അനധികൃത രൂപമാറ്റം; 12,000 വാഹനങ്ങൾക്ക് പിഴ
text_fieldsദുബൈ: വാഹനങ്ങളിൽ അനധികൃതമായി രൂപ മാറ്റം വരുത്തിയ 12,000 പേർക്ക് ഈ വർഷം പിഴ വിധിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ നിന്ന് അമിതമായ ശബ്ദത്തിനും മറ്റ് റോഡ് യാത്രക്കാർക്ക് ശല്യമുണ്ടാകുന്നതിനും രൂപമാറ്റങ്ങൾ കാരണമായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ കാര്യമായ മാറ്റങ്ങൾ വരുത്തിയതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. അമിത ശബ്ദമുണ്ടാക്കുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ 5,523 വാഹനങ്ങൾക്കും എൻജിനിൽ മാറ്റം വരുത്തിയ 6,496 വാഹനങ്ങൾക്കുമാണ് പിഴ വിധിച്ചത്.
അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴയും ലൈസൻസിൽ 12 പോയന്റുമാണ് ശിക്ഷ. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ 10,000 ദിർഹം നൽകുകയും വേണം. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ വിഡിയോയും ദുബൈ പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
എൻജിൻ വേഗത വർധിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഇത്തരം വാഹനങ്ങൾ അമിത ശബ്ദത്തിനും നിവാസികൾക്ക് ശല്യമാകുന്നതിനും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.
അശ്രദ്ധമായി വാഹനമോടിക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനവും അപകടത്തിലാക്കുന്നതാണെന്നും നിയമപരമായി പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഡ്രൈവർമാരുടെ ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ഐ, വി ആർ ആൾ പൊലീസ് സർവിസിലോ അറിയിക്കാം. കൂടാതെ 901 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.