അജ്മാനില്‍ വാഹനങ്ങൾ വെള്ളത്തിൽ
text_fieldsഅജ്മാന്: ശക്തമായ മഴയില്‍ പലയിടങ്ങളിലായി നിരവധി വാഹനങ്ങൾ വെള്ളത്തിലായി. താമസ കേന്ദ്രങ്ങളോടനുബന്ധിച്ച മണ് പ്രദേശങ്ങളിലുണ്ടായിരുന്ന വാഹനങ്ങളാണ് വെള്ളത്തിലായത്.
നാട്ടിലേക്ക് അവധിക്ക് പോകുന്നവര്‍ ഈ പ്രദേശങ്ങളില്‍ നിര്‍ത്തിയിട്ട് പോയ വാഹനങ്ങളാണ് അധികവും വെള്ളത്തിലായത്.
സമീപ കാലത്ത് ഉയര്‍ന്ന മഴയായിരുന്നു കഴിഞ്ഞദിവസം പെയ്തിറങ്ങിയത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് എമിറേറ്റിലെ ഡ്രയിനേജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായിരുന്നതിനാല് ശക്തമായ മഴ പെയ്തിട്ടും വാഹന ഗതാഗതത്തിന് തടസ്സം നേരിടുന്ന വെള്ളക്കെട്ടുകള്‍ നന്നേ കുറവായിരുന്നു. ചിലയിടങ്ങളില്‍ ഏതാനും മരങ്ങള്‍ ഒടിഞ്ഞു വീണ സംഭവങ്ങളൊഴിച്ചാല്‍ ഇടിയും മിന്നലോടും കൂടിയ മഴ കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായില്ല. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടെങ്കിലും ഉടൻ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. പുതുവത്സരത്തെത്തുടര്ന്നുള്ള ഒഴിവ് ദിനങ്ങളായിരുന്നതിനാല്‍ മഴയെ തുടര്‍ന്നുള്ള ഗതാഗത തടസ്സങ്ങളും കാര്യമായി അനുഭവപ്പെട്ടില്ല. താഴ്ന്ന മണ്പ്രദേശങ്ങളിലെ മേഖലകളിലാണ് വെള്ളക്കെട്ടുകള്‍ അധികം രൂപപ്പെട്ടത്. രാത്രിയുണ്ടായ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ മൂലം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ പലരും രാവിലെത്തന്നെ വാഹനങ്ങള്‍ സുരക്ഷിത പ്രദേശത്തേക്ക് മാറ്റിയെങ്കിലും അവധിക്ക് നാട്ടില്‍ പോയവരടക്കമുള്ളവര് നിര്‍ത്തിയിട്ട് പോയ വാഹനങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും മുന്‍ കരുതലുകളും നഗരസഭ അധികൃതര്‍ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗതാഗത സൗകര്യം ഉറപ്പാക്കാൻ 65മൊബൈൽ പമ്പുകളും 30 വാട്ടർ ടാങ്കറുകള്‍ ഒരുക്കുകയും 15 എമർജൻസി ടാസ്ക് ഫോഴ്സിനെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. മഴയെത്തുടർന്നുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പരിശോധനകളും മുനിസിപ്പാലിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.