പൊതുമാപ്പ് കേന്ദ്രത്തിൽ കർമനിരതരായി വനിത കൂട്ടായ്മയും
text_fieldsദുബൈ: ഇന്ത്യൻ കോൺസുലേറ്റിന്റെ പൊതുമാപ്പ് കേന്ദ്രത്തിൽ കർമനിരതരായി കെ.എം.സി.സി വനിത വിങ്. ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്റ് സഫിയ മൊയ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ രണ്ടു മാസമായി ഹെൽപ് ഡെസ്കിൽ സജീവമായി നിസ്വാർഥ സേവനം നടത്തുന്നത്.
വിസ രേഖകൾ ശരിയാക്കാനായി പൊതുമാപ്പ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് ഇവരുടെ സേവനം ഏറ്റവും സഹായകരമാകുന്നത്. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളുടെ ജനന രജിസ്ട്രേഷൻ ഫീസുകൾ നൽകിയും നാട്ടിലേക്ക് പോകുന്നവർക്ക് സൗജന്യമായി വിമാന ടിക്കറ്റ് സംഘടിപ്പിച്ചു നൽകിയും സാമൂഹിക സേവനത്തിന്റെ വേറിട്ട മുഖമായി മാറുകയാണ് ഈ പ്രവാസി വനിതകൾ.
ദുബൈ കെ.എം.സി.സി വിമൻസ് വിങ് ട്രഷറർ നജ്മ സാജിദ്, ജനറൽ സെക്രട്ടറി റീന സലീം, ഷാജിത ഫൈസൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
സർട്ടിഫിക്കറ്റ് പരിശോധന, എമർജൻസി സർട്ടിഫിക്കറ്റിന് വേണ്ട രേഖകൾ ശരിയാക്കൽ, എക്സിറ്റ് പാസ് ലഭിച്ചവർക്കുള്ള നിർദേശങ്ങൾ നൽകൽ തുടങ്ങി പൊതുമാപ്പ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെല്ലാം വനിത കൂട്ടായ്മ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രശംസ പിടിച്ചുപറ്റി. പൊതുമാപ്പ് നീട്ടിയതോടെ ഇവരുടെ പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. ഡിസംബർ 31ന് മുമ്പായി എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന അഭ്യർഥനയും ഇവർ മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.