ഗതാഗതത്തിരക്ക് കുറക്കാൻ വർക്ക് ഫ്രം ഹോം സഹായകരം
text_fieldsദുബൈ: ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുകയോ വർക്ക് ഫ്രം ഹോം നൽകുകയോ ചെയ്യുന്നതിലൂടെ ദുബൈയിൽ തിരക്കേറിയ സമയങ്ങളിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിന് വലിയ തോതിൽ പരിഹാരം കാണാനാവുമെന്ന് പഠന റിപ്പോർട്ട്.
ഏറ്റവും തിരക്കേറിയ സമയമായ രാവിലെ യാത്രാസമയം 30 ശതമാനം വരെ കുറക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തൽ. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ട്രാഫിക് ഫ്ലോ പ്ലാനിന്റെ അംഗീകാരത്തോടെ നടത്തിയ രണ്ട് സർവേകളിലാണ് പുതിയ കണ്ടെത്തൽ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) ദുബൈ മാനവ വിഭവ ശേഷി വകുപ്പും ചേർന്നാണ് സർവേ ഫലം ചൊവ്വാഴ്ച പുറത്തുവിട്ടത്.
ആദ്യ സർവേയിൽ 644 കമ്പനികളിലായി 3,20,000 ജീവനക്കാരുടെ അഭിപ്രായങ്ങളാണ് വിലയിരുത്തിയത്. രണ്ടാമത്തെ സർവേയിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള 12,000 തൊഴിലാളികൾ പങ്കെടുത്തു. രാവിലത്തെ തിരക്ക് ഒഴിവാക്കാനായി എമിറേറ്റിലെ 32 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും വിദൂര തൊഴിൽ നയം സ്വീകരിക്കുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.
58 ശതമാനം സ്ഥാപനങ്ങളും പുതിയ രീതി നടപ്പിലാക്കാൻ സന്നദ്ധരാണ്. കൂടാതെ 31 ശതമാനം കമ്പനികൾ തൊഴിലാളികൾക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുന്നുണ്ട്. 66 ശതമാനം കമ്പനികൾ ഈ രീതിയോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും സർവേ പഠനം വ്യക്തമാക്കുന്നു.
അതേസമയം, രണ്ട് രീതികളിലൂടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസം നാലോ അഞ്ചോ പ്രവൃത്തി ദിനങ്ങൾ അനുവദിക്കുന്നതായും പഠനം കണ്ടെത്തി. ഇതുവഴി രാവിലത്തെ യാത്രാ സമയം 30 ശതമാനം കുറക്കാൻ കഴിഞ്ഞു.
അടിസ്ഥാന സൗകര്യ, നഗരാസൂത്രണ വിഭാഗം കമീഷണർ ജനറൽ മതാർ അൽ തായർ, ദുബൈ മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി എന്നിവർ ചേർന്ന് പഠന ഫലങ്ങൾ വിലയിരുത്തി. ദുബൈയിലെ സ്വകാര്യ സ്ഥാപനങ്ങളെ പുതിയ രീതികൾ അവലംബിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.