Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightചെങ്കണ്ണ് സ്വയംചികിത്സ...

ചെങ്കണ്ണ് സ്വയംചികിത്സ അപകടം

text_fields
bookmark_border
ചെങ്കണ്ണ് സ്വയംചികിത്സ അപകടം
cancel

കണ്ണിന്റെ നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് (Conjunctivitis). കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ചെങ്കണ്ണ് പടർന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബാക്ടീരിയ, വൈറസ് എന്നിവ മൂലമാണ് ചെങ്കണ്ണ് ബാധിക്കുക. വൈറസ് മൂലമുള്ള ചെങ്കണ്ണ് ബാധ ഈ സമയത്ത് കൂടുതലായി കണ്ടുവരുന്നതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. ബാക്ടീരിയ കാരണമുള്ള ചെങ്കണ്ണ് ബാധയെക്കാൾ വൈറസ് ബാധ മൂലമുള്ള ചെങ്കണ്ണ് പടർന്നുപിടിക്കുമെന്നതിനാൽ കൂടുതൽ പേരിലേക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്‌. സാധാരണ അഞ്ചു മുതൽ ഏഴു ദിവസം വരെ രോഗത്തിന്റെ അസ്വസ്ഥതകൾ നീണ്ടുനിൽക്കാം. എന്നാൽ, രോഗം സങ്കീർണമായാൽ 21 ദിവസം വരെയും നീണ്ടുനിൽക്കാം.

ലക്ഷണങ്ങൾ

കണ്ണുകളിൽ ചുവപ്പുനിറം, വേദന, ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കണ്ണിൽ എന്തെങ്കിലും തടയുന്നതുപോലുള്ള തോന്നൽ, കൺപോളകളിൽ തടിപ്പ്, പീളകെട്ടൽ, വെളിച്ചത്തിലേക്കു നോക്കാൻ കഴിയാത്ത അവസ്ഥ, ചെറിയ രീതിയിൽ പനി, കണ്ണിൽനിന്ന് വെള്ളം വരുക തുടങ്ങിയവയും അനുഭവപ്പെടാം. വിരളമായി, രോഗം തീവ്രമാകുന്ന രോഗികളിൽ കണ്ണിൽനിന്ന് രക്തം പൊടിയുന്നതായും കാണാം. എല്ലാവരിലും കണ്ണിൽ പഴുപ്പ് ഉണ്ടാകണമെന്നില്ല, കണ്ണിൽനിന്ന് എല്ലായ്പോഴും വെള്ളം വരുന്നതാകും പ്രധാന ലക്ഷണം.

കൃത്യമായ ചികിത്സ ഉറപ്പാക്കാം

രോഗം ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് അനിവാര്യമാണ്. സ്വയംചികിത്സ പലപ്പോഴും ഗുരുതരാവസ്ഥ ക്ഷണിച്ചുവരുത്തുന്നതിന് വഴിവെക്കും. കണ്ണിനെ ബാധിക്കുന്ന മറ്റു ചില രോഗങ്ങൾക്കും സമാന ലക്ഷണമാണെന്നതിനാൽ വിദഗ്ധ നിർദേശം തേടേണ്ടത് അത്യാവശ്യമാണ്. വൈറസ് മൂലമുള്ള ചെങ്കണ്ണ് ഗുരുതരമായാൽ കൃഷ്ണമണിയെ ഗുരുതരമായി ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ ഒരു വർഷം വരെ ഇതിന്റെ അസ്വസ്ഥതകൾ നിലനിൽക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

● വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുണ്ട്.

● രോഗം ബാധിച്ച വ്യക്തികളിൽനിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന സോപ്പ്, ടവ്വൽ, പേന, പേപ്പർ, പുസ്തകം, തൂവാല മുതലായവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല.

● ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിനുമുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവശാലും തൊടരുത്.

● വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

● കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthDangerself-treatment of red eye
News Summary - Danger of self-treatment of red eye
Next Story