അർബുദത്തെ മെരുക്കാൻ ഗവേഷക സംഘം
text_fieldsഅര്‍ബുദ ചികില്‍സ കൂടുതല്‍ ഫലപ്രദമാക്കുന്ന കണ്ടെത്തലുമായി ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി അബൂദബിയിലെ ഗവേഷക സംഘം. ബയോളജി വകുപ്പ് പ്രഫസറും യു.എ.ഇ പൗരനുമായ സിഹാമുദ്ധിന്‍ ഗലദാരിയുടെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നില്‍. കാന്‍സര്‍ മരുന്നുകള്‍ എ.എം.പി.കെ എന്ന പ്രോട്ടീന്‍റെ പ്രാഥമിക ഘടനയില്‍ വ്യത്യാസം വരുത്തുന്നത് കണ്ടെത്തിയ സംഘം, ഇത് അര്‍ബുദ ചികില്‍സ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വഴി തുറക്കുമെന്ന് തെളിയിക്കുകയായിരുന്നു.
ശരീരത്തില്‍ ഊര്‍ജക്ഷാമം സംഭവിക്കുമ്പോള്‍ പ്രവര്‍ത്തന ക്ഷമമാവുന്ന ഈ പ്രോട്ടീന്‍ കാന്‍സര്‍ മരുന്നുകള്‍ നല്‍കുമ്പോള്‍ കാസ്‌പെസ് എന്ന എന്‍സെയിമിന്‍റെ സഹായത്തോടെ രണ്ടായി വിഘടിക്കും. അനന്തര ഫലമായി വിഘടിച്ച എ.എം.പി.കെ കോശത്തിലെ ന്യൂക്ലിയസില്‍ കേന്ദ്രീകരിക്കുകയും അത് കാന്‍സര്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുകയും ചെയ്യുമെന്നും സംഘം കണ്ടെത്തി.
ഡന്‍ഡീ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ഗ്രഹാം ഹാര്‍ഡിയുമായി സഹകരിച്ചായിരുന്നു ഗവേഷണം. സയന്‍സ് മേഖലയിലെ സുപ്രധാനമായ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്ന 'സെല്‍ റിപ്പോര്‍ട്ട്' എന്ന ജേണലില്‍ ഇവരുടെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗവേഷണം അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്‍റെ പ്രസിദ്ധീകരണം ആയ 'സയന്‍സ് സിഗ്‌നലിങ് ജേണല്‍' എഡിറ്റോറിയല്‍ ചിത്രം ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
'ബയോമെഡിക്കല്‍ ഗവേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടും കാന്‍സര്‍ ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഒരു പ്രധാന കാരണമായി തുടരുകയാണ്. നിരവധി കാന്‍സര്‍ മരുന്നുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും പലപ്പോഴും കാന്‍സര്‍ കോശങ്ങള്‍ ഇവക്കെതിരെ പ്രതിരോധം സൃഷ്ടിക്കുകയും രോഗശാന്തി നേടുന്നത് തടയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, കണ്ടെത്തലുകള്‍ക്ക് കാര്യമായ ചികിത്സാ പ്രാധാന്യമുണ്ട്.
ഇത് ന്യൂക്ലിയസിനുള്ളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിഘടിച്ച എ.എം.പി.കെയെ ലക്ഷ്യമിടുന്ന മരുന്ന് രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും ഗവേഷകരെ സഹായിക്കും. അതിനുള്ള ശ്രമങ്ങള്‍ പ്രഫ. ഗ്രഹാം ഹാര്‍ഡിയുമായി സഹകരിച്ച് പുരോഗമിക്കുന്നു. ഇത് നിലവിലുള്ള കീമോതെറാപ്പിയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും' - പ്രാഫ. സെഹാമുദ്ധിന്‍ അഭിപ്രായപ്പെട്ടു. 'മനുഷ്യ കാന്‍സറുകളില്‍ എ.എം.പി.കെ. പ്രോട്ടീന്റെ അളവ് വര്‍ദ്ധിച്ചു കാണാറുണ്ട്. അത്തരം കാന്‍സറുകളിലെ ജനിതക അസ്ഥിരത കാസ്‌പേസ് എന്‍സെയിമിനെ ഉത്തേജിപ്പിക്കുകയും തന്മൂലം എ.എം.പി.കെ. പിളര്‍പ്പിനും ന്യൂക്ലിയസില്‍ കേന്ദ്രീകരിക്കുന്നതിനും കാരണമാകുമെന്ന് ഞങ്ങളുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
അങ്ങനെ ട്യൂമര്‍ കോശങ്ങളെ സ്വമേധയാ ഉള്ള കോശ മരണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു - മുതിര്‍ന്ന ഗവേഷകന്‍ ഡോ.ഫൈസല്‍ തയ്യുള്ളതില്‍ അഭിപ്രായപ്പെട്ടു. വിഘടിച്ച എ.എം.പി.കെ പ്രോട്ടീന്‍റെ ന്യൂക്ലിയസിന് അകത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച മെച്ചപ്പെട്ട ധാരണ കീമോതെറാപ്പിയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സഹായിക്കുമെന്ന് ഈ പഠനത്തിന്‍റെ മുഖ്യഗവേഷകനായ ഡോ. അനീസ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. മലയാളികളായ സിറാജ് പള്ളിച്ചാന്‍കണ്ടി, അമീര്‍ ആലക്കല്‍, തമിഴ്‌നാട് സ്വദേശി കാര്‍ത്തികേയന്‍ സുബ്ബരായന്‍ എന്നിവരും ഗവേഷകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.