കുട്ടികളിലെ കാഴ്ചവൈകല്യം; നൂതന ചികിത്സരീതിയുമായി ഡി.ഇ.ഐ.സി
text_fieldsകൽപറ്റ: കുട്ടികളിലെ കാഴ്ചവൈകല്യം നേരത്തേ കണ്ടെത്തി ഫലപ്രദമായി പരിഹരിക്കാനുള്ള നൂതന ചികിത്സ രീതിയുമായി ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രം.
കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ സെറിബ്രല്‍ (കോര്‍ട്ടിക്കല്‍) കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്കായി സി.വി.ഐ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു.
മസ്തിഷ്ക ക്ഷതം കാരണം സംഭവിക്കുന്ന കാഴ്ച വൈകല്യമാണ് സി.വി.ഐ. സാധാരണ കാഴ്ച വൈകല്യത്തില്‍നിന്ന് വ്യത്യസ്തമാണ് ഇത്. തലച്ചോറിന്റെ വിഷ്വല്‍ സെന്ററുകളെയും പാതകളെയുമാണ് സി.വി.ഐ ബാധിക്കുന്നത്. ഇതു കാഴ്ച സംവേദനം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും കുട്ടികളിലുമാണ് ഇതു കൂടുതല്‍ കണ്ടുവരുന്നതെന്ന് ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പറഞ്ഞു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍, ജനിച്ച സമയത്ത് ഓക്സിജന്‍ അഭാവം മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടായ കുഞ്ഞുങ്ങള്‍, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ കുഞ്ഞുങ്ങള്‍, മെനിഞ്ചൈറ്റിസ് മുതലായ രോഗങ്ങള്‍ വന്നിട്ടുള്ള കുട്ടികള്‍ എന്നിവരില്‍ ഈ വൈകല്യ സാധ്യത കൂടുതലുണ്ട്.
ഇത്തരം കുഞ്ഞുങ്ങളെ വിവിധ നേത്ര പരിശോധനകളിലൂടെ നേരത്തേ കണ്ടെത്തി എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.